ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും തകര്‍പ്പന്‍ ജയം. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എവര്‍ട്ടണെ തോല്‍പ്പിച്ചപ്പോള്‍ ഷെഫീല്‍ഡിനെയാണ് ചെല്‍സി തകര്‍ത്തത്. 

എവര്‍ട്ടന്റെ മൈതാനത്ത് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ ജയം. സൂപ്പര്‍ സ്റ്റാര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ എഡിന്‍സന്‍ കവാനിയുടെ ബൂട്ടില്‍ നിന്നായിരുന്നു ഒരു ഗോള്‍. മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നതിനിടെയാണ് സോള്‍ഷ്യറുടെ ടീമിന്റെ തകര്‍പ്പന്‍ ജയം.

19-ാം മിനിറ്റില്‍ ബെര്‍ണാഡിലൂടെ എവര്‍ട്ടനാണ് ആദ്യം മുന്നിലെത്തിയത്. 25-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിനായി ആദ്യ ഗോള്‍ മടക്കി. ലൂക്ക് ഷോയുടെ ക്രോസില്‍ നിന്ന് ഒരു ഹെഡറിലൂടെ ബ്രൂണോ പന്ത് എവര്‍ട്ടന്റെ വലയിലെത്തിച്ചു. 

പിന്നാലെ 32-ാം മിനിറ്റില്‍ ബ്രൂണോ യുണൈറ്റഡിന് ലീഡ് നല്‍കി. പിന്നീട് ഇന്‍ജുറി ടൈമില്‍ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെയാണ് യുണൈറ്റഡ് മൂന്നാം ഗോള്‍ സ്വന്തമാക്കിയത്. കവാനിയാണ് പന്ത് വലയിലെത്തിച്ചത്. യുണൈറ്റഡിനായി താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. 

ഏഴു മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി 14-ാം സ്ഥാനത്താണ് യുണൈറ്റഡ്. എവര്‍ട്ടണ്‍ ആറാമതും. 

Premier League Chelsea smashed Sheffield United Manchester United beat Everton
ചെല്‍സി ടീം

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ത്തത്.

ഒമ്പതാം മിനിറ്റില്‍ തന്നെ മക്‌ഗോള്‍ഡ്രിക്കിലൂടെ ചെല്‍സിയെ ഞെട്ടിച്ച് ഷെഫീല്‍ഡാണ് ആദ്യം മുന്നിലെത്തിയത്. പിന്നീട് കളി ചെല്‍സി സ്വന്തമാക്കി.

23-ാം മിനിറ്റില്‍ ടാമി എബ്രഹാമിലൂടെ ചെല്‍സി സമനില പിടിച്ചു. 34-ാം മിനിറ്റില്‍ ബെന്‍ ചില്‍വെല്‍ നീലപ്പടയ്ക്ക് ലീഡ് നല്‍കി. പിന്നീട് 77-ാം മിനിറ്റില്‍ തിയാഗോ സില്‍വയും 80-ാം മിനിറ്റില്‍ തിമോ വെര്‍ണറും സ്‌കോര്‍ ചെയ്തതോടെ ലീഗില്‍ ചെല്‍സി തുടര്‍ച്ചയായ നാലാം ജയം കുറിച്ചു.

ജയത്തോടെ എട്ട് മത്സരങ്ങളില്‍ നിന്ന് 15 പോയന്റുമായി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ചെല്‍സി.

Content Highlights: Premier League Chelsea smashed Sheffield United Manchester United beat Everton