ബ്യൂണസ് അയേഴ്‌സ്:  ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി അര്‍ജന്റീനയുടെ രണ്ടാം ഡിവിഷന്‍ മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍. ക്ലബ്ബ് അല്‍മാര്‍ഗോയും സെന്‍ട്രല്‍ കോര്‍ഡോബയും തമ്മിലുള്ള മത്സരത്തിനിടെയാണ് ചുവപ്പ് കാര്‍ഡിലേക്ക് നയിച്ച സംഭവങ്ങള്‍ അരങ്ങേറിയത്. 

ഇരുടീമുകളും പരുക്കന്‍ കളി പുറത്തെടുത്തതോടെ താരങ്ങള്‍ ഗ്രൗണ്ടില്‍ തുടര്‍ച്ചയായി വീണു. എന്നാല്‍ 28-ാം മിനിറ്റില്‍ ഈ പരുക്കന്‍ അടവ് കടുത്തു. ഇരുടീമുകളുടേയും താരങ്ങള്‍ പന്തിനായി പോരാടുന്നതിനിടെ ഒന്നൊന്നായി ഗ്രൗണ്ടില്‍ വീണു. ഇതോടെ റഫറിക്ക് കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു. അല്‍മാര്‍ഗോയുടെ മുന്നേറ്റ താരം ലിയാണ്ട്രൊ അകോസ്റ്റയ്ക്ക് മഞ്ഞക്കാര്‍ഡ് കിട്ടി.

എന്നാല്‍ താരം റഫറിയോട് തട്ടിക്കയറി. കാര്‍ഡ് പിടിച്ചുവലിക്കാന്‍ ശ്രമിച്ചു. ഇതോടെ റഫറി ചുവപ്പ് കാര്‍ഡ് കാണിച്ചു അകോസ്റ്റയോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഇതോടെ അല്‍മാര്‍ഗോയുടെ ചില താരങ്ങള്‍ റഫറിയുമായി കൈയാങ്കളിക്ക് മുതിര്‍ന്നു. ഇതിനിടയില്‍ അല്‍മാര്‍ഗോയുടെ ഒരു താരം ഗ്രൗണ്ടില്‍ വീണു. റഫറി കാര്‍ഡ് കാണിക്കുന്നതിനിടെ കെമുട്ടു തട്ടി താരം താഴെ വീഴുകയായിരുന്നു. എന്നാല്‍ അത് അത്ര സാരമായ പരിക്കായിരുന്നില്ല. ഏതായാലും ഫുട്‌ബോള്‍ ലോകത്തു നിന്ന് അല്‍മാര്‍ഗോയ്ക്കും അകോസ്റ്റയ്ക്കും എതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

ഇരുപാദങ്ങളിലുമായി നടന്ന മത്സരത്തില്‍ 4-2ന് കോര്‍ഡോബൊ അല്‍മാര്‍ഗോയെ തോല്‍പ്പിച്ചു. രണ്ടാം പാദത്തില്‍ 2-1നായിരുന്നു കോര്‍ഡോബയുടെ വിജയം. 

 

Content Highlights: players brawl with referee and stars dive to floor in Argentina second division