ലണ്ടന്‍: കോവിഡ്-19 ഭീഷണി ഒഴിഞ്ഞ് ഫുട്ബോള്‍ മത്സരം പുനരാരംഭിക്കുമ്പോള്‍ ഒരു മത്സരത്തില്‍ അഞ്ച് പകരക്കാരെ അനുവദിക്കാന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടന (ഫിഫ) ആലോചിക്കുന്നു.

രണ്ടുമാസത്തോളമായി ലോകമെങ്ങും മത്സരങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്. മിക്ക സ്ഥലങ്ങളിലും രാജ്യങ്ങളിലെ പ്രധാന ലീഗുകള്‍ അവസാന ഘട്ടത്തിലേക്ക് അടുത്തിരിക്കേയാണ്  മത്സരങ്ങള്‍ക്ക് അപ്രതീക്ഷിതമായി കര്‍ട്ടന്‍ വീണത്. ഇനി പുനരാരംഭിച്ചാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കേണ്ടിവരും. ലീഗുകള്‍ക്കൊപ്പം, ലോകകപ്പ് യോഗ്യതാ റൗണ്ട് ഉള്‍പ്പെടെ അന്താരാഷ്ട്ര മത്സരങ്ങളും നടക്കാനുണ്ട്. അപ്പോള്‍ താരങ്ങള്‍ക്കുണ്ടാകുന്ന അധികഭാരം ലഘൂകരിക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് അഞ്ച് സബ്സ്റ്റിറ്റിയൂഷനെക്കുറിച്ച് ആലോചിക്കുന്നത്. ഈ മാറ്റം അടുത്തവര്‍ഷം ഡിസംബര്‍ വരെ മാത്രമായിരിക്കും.

നിലവില്‍ ഒരു മത്സരത്തില്‍ മൂന്നു സബ്സ്റ്റിറ്റിയൂഷനാണ് അനുവദിക്കുന്നത്. അഞ്ചു പകരക്കാരെ അനുവദിക്കാനുള്ള ഫിഫയുടെ നിര്‍ദേശത്തിന്, ഫുട്ബോള്‍ നിയമങ്ങളെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് അംഗീകാരം നല്‍കിയെന്നാണ് അറിയുന്നത്.

നിബന്ധനകളോടെയാകും അഞ്ച് സബ്സ്റ്റിറ്റിയൂഷന്‍ അനുവദിക്കുക. മൂന്ന് പൊസിഷനുകളില്‍ മാത്രമേ മാറ്റം അനുവദിക്കാവൂ എന്ന നിര്‍ദേശമുണ്ട്. മത്സരം അധികസമയത്തേക്ക് നീളുകയാണെങ്കില്‍ ആറാമതൊരു സബ്സ്റ്റിറ്റിയൂഷന്‍ കൂടി അനുവദിച്ചേക്കും.

''കളിക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കേണ്ടതുണ്ട്. അപ്രതീക്ഷിതമായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടിവരുമ്പോള്‍ പരിക്കിനുള്ള സാധ്യതയും കൂടുതലാണ്'' - ഫിഫയുടെ വക്താവ് വ്യക്തമാക്കി.

Content Highlights: player safety amid fixture congestion Five substitutions proposed by Fifa