ലണ്ടന്‍: ഗാലറിയിലിരുന്ന്‌ കളി കാണുകയായിരുന്ന ആരാധകന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോട്ടനം-ന്യൂകാസില്‍ മത്സരം നിര്‍ത്തിവെച്ചു. ഗ്രൗണ്ടിലുണ്ടായിരുന്ന മെഡിക്കല്‍ സംഘം അടിയന്തര ശുശ്രൂഷ നല്‍കുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിന് ശേഷമാണ് കളി പുനരാരംഭിച്ചത്.

ആദ്യപകുതിയുടെ അവസാനമിനിറ്റുകളിലാണ് സംഭവം. ഗാലറിയിലെ സംഭവം ശ്രദ്ധയില്‍പ്പെട്ട ടോട്ടനം താരങ്ങളായ സെര്‍ജി റെഗുലിയോണും എറിക് ഡയറും റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ സംഘം എത്തിയത്.

മത്സരത്തില്‍ ടോട്ടനം ന്യൂകാസിലിനെ കീഴടക്കി. രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ടോട്ടനത്തിന്റെ വിജയം. ടോട്ടനത്തിനായി ടാങ്ഗ്വായ് എന്‍ഡോംബെലെ, സൂപ്പര്‍ താരം ഹാരി കെയ്ന്‍, സണ്‍ ഹ്യുങ് മിന്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ന്യൂ കാസിലിനായി കാല്ലം വില്‍സണ്‍ ലക്ഷ്യം കണ്ടപ്പോള്‍ എറിക്ക് ഡയറുടെ സെല്‍ഫ് ഗോളും ടീമിന് തുണയായി. സീസണില്‍ കെയ്‌നിന്റെ ആദ്യ ഗോളാണിത്. 

ഈ വിജയത്തോടെ ടോട്ടനം പോയന്റ്‌ പട്ടികയില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി. എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയങ്ങളാണ് ടീമിനുള്ളത്. മോശം ഫോം തുടരുന്ന ന്യൂകാസിലിന് ഇതുവരെ ഒരു മത്സരത്തില്‍ പോലും വിജയിക്കാനായിട്ടില്ല. പോയന്റ് പട്ടികയില്‍ 19-ാം സ്ഥാനത്താണ് ടീം. 

Content Highlights: Play halted at Newcastle vs Tottenham after fan collapses