മിന്‍സ്‌ക്: കൊറോണ വൈറസ് വ്യാപനത്തില്‍ ലോകം ഞെട്ടിത്തരിച്ചുനില്‍ക്കുമ്പോഴും യൂറോപ്പിലെ ഒരു രാജ്യത്ത് ഫുട്ബോള്‍ മത്സരം തുടരുന്നു. കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ബെലാറസിലാണ് ഫുട്ബോളിന് വിലക്കില്ലാത്തത്. എന്നാല്‍, കളി കാണാന്‍ സ്റ്റേഡിയത്തിലേക്ക് അധികം ആളുകളെത്തുന്നില്ല.

ബെലാറസിലെ പടിഞ്ഞാറന്‍ നഗരമായ ഗ്രോഡ്നോയില്‍ വെള്ളിയാഴ്ച നീമാന്‍ എഫ്.സി.യും ബെല്‍ഷിന എഫ്.സി.യും തമ്മില്‍ മത്സരം നടന്നു. 253 പേരാണ് കളി കാണാനെത്തിയത്. കഴിഞ്ഞവര്‍ഷം ഇതേ ടീമുകളുടെ കളി കാണാന്‍ 1500 പേര്‍ എത്തിയിരുന്നു. മത്സരം തുടങ്ങുംമുമ്പ്, നീമാന്‍ കളിക്കാര്‍ ഒഴിഞ്ഞ സ്റ്റേഡിയത്തെ നോക്കി അഭിവാദ്യം ചെയ്തു. ഞായറാഴ്ചയും ലീഗില്‍ മത്സരമുണ്ട്.

ബെലാറസില്‍ നേരത്തേ കാര്യമായ വൈറസ് വ്യാപനം ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ അതല്ല സ്ഥിതി. ഞായറാഴ്ചത്തെ കണക്കനുസരിച്ച് രാജ്യത്ത് 2578 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 26 പേര്‍ മരിക്കുകയും ചെയ്തു. ഞായറാഴ്ച മാത്രം പുതുതായി മുന്നൂറിലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

രോഗം വര്‍ധിച്ചതോടെ കാണികള്‍ സ്റ്റേഡിയത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ക്ലബ്ബുകള്‍തന്നെ ആവശ്യപ്പെടാന്‍ തുടങ്ങി. രാജ്യത്തെ ഫുട്ബോള്‍ ഫെഡറേഷന്‍ കളി തുടരാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് കളിക്കുന്നതെന്ന് ക്ലബ്ബ് അധികൃതര്‍ പറയുന്നു. ലോകം മുഴുവന്‍ രോഗഭീതിയില്‍ നില്‍ക്കുമ്പോള്‍ കളി തുടരുന്നതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഫെഡറേഷന്റെ തീരുമാനത്തിനെതിരേ പരാതി നല്‍കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു.

Content Highlights: play continues in Belarusian Premier League