മാഡ്രിഡ്: സ്പാനിഷ് പ്രതിരോധനിര താരം ജെറാര്‍ഡ് പിക്വെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. റഷ്യന്‍ ലോകകപ്പിലെ തോല്‍വിയെ തുടര്‍ന്നാണ് തീരുമാനം.

എന്നാല്‍ ക്ലബ്ബ് കരിയര്‍ തുടരുമെന്നും സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്ക്കു വേണ്ടി തുടര്‍ന്നും കളിക്കുമെന്നും താരം വ്യക്തമാക്കി. 2010-ല്‍ ലോകകപ്പ് നേടിയ സ്‌പെയിന്‍ ടീമില്‍ അംഗമായിരുന്നു ഈ  ബാഴ്‌സ താരം. ലോകഫുട്‌ബോളിലെ  തന്നെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളാണ് പിക്വെ.

സ്പാനിഷ് സൂപ്പര്‍ കപ്പിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ച വിവരം പിക്വെ അറിയിച്ചത്. സ്പാനിഷ് പരിശീലകന്‍ ലൂയിസ് എന്റിക്വെയെ ഇക്കാര്യം അറിയിച്ചുവെന്നും പിക്വെ വ്യക്തമാക്കി. എന്റിക്വെ ബാഴ്‌സ പരിശീലകനായിരിക്കെ പിക്വെ ടീമിലുണ്ടായിരുന്നു. 102 മത്സങ്ങളില്‍ സ്‌പെയിനിനായി കളത്തിലിറങ്ങിയ ശേഷമാണ് പിക്വെ ബൂട്ടഴിക്കുന്നത്.

''നല്ല കാലഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോയത്. ഇപ്പോള്‍ അത് അതിന്റെ അവസാനത്തിലേക്ക് എത്തിയിരിക്കുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും ഒരു ലോകകപ്പും നേടാനായി. ഈ സുന്ദരമായ കാലഘട്ടത്തില്‍ നല്ല പല അനുഭവങ്ങളും ഉണ്ടായി. അങ്ങനെ ഏറ്റവും മനോഹരമായ സമയത്ത് ചിലത് അവസാനിപ്പിക്കേണ്ടതായിട്ടുണ്ടെന്നും പിക്വെ കൂട്ടിച്ചേര്‍ത്തു.''

Content Highlights: pique confirms retirement from spain national team