ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബേൺലി എഫ്.സിക്കെതിരേ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത അഞ്ചു ഗോളിനാണ് സിറ്റി, ബേൺലിയെ പരാജയപ്പെടുത്തിയത്. സിറ്റിക്കായി ഫിൽ ഫോഡെനും റിയാദ് മെഹ്റസും ഇരട്ടഗോൾ കണ്ടെത്തി. ഡേവിഡ് സിൽവയുടെ വകയായിരുന്നു ഒരു ഗോൾ.

സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 22-ാം മിനിറ്റിൽ തന്നെ ആതിഥേയർ ലീഡെടുത്തു. ഫിൽ ഫോഡെന്റെ ഒരു ലോങ് റേഞ്ച് ഷോട്ടിലൂടെ സിറ്റി മുന്നിലെത്തി. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് അൾജീരിയൻ താരം റിയാദ് മെഹ്റസിലൂടെ സിറ്റി ലീഡ് രണ്ടാക്കി.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സിറ്റിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. സെർജിയോ അഗ്യൂറോയെ ബെൻ മീ ഫൗൾ ചെയ്യുകയായിരുന്നു. വാറിലൂടെ ലഭിച്ച പെനാൽറ്റി സിറ്റിക്കായി റിയാദ് മെഹ്റസ് ലക്ഷ്യത്തിലെത്തിച്ചു. ഡേവിഡ് സിൽവയിലൂടെ 51-ാം നാലാം ഗോൾ കണ്ടെത്തിയ സിറ്റിക്കായി ഫിൽ ഫോഡെൻ പട്ടിക പൂർത്തിയാക്കി. 63-ാം മിനിറ്റിലായിരുന്നു ഫോഡെന്റെ രണ്ടാം ഗോൾ.

നിലവിൽ 30 മത്സരങ്ങളിൽ നിന്ന് 63 പോയിന്റുമായി സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്താണ്. സിറ്റിയേക്കാൾ 20 പോയിന്റ് കൂടുതലുള്ള ലിവർപൂളാണ് ഒന്നാമത്. ഇതുവരെ ഒരൊറ്റ തോൽവി മാത്രമാണ് ലിവർപൂൾ നേരിട്ടത്. 30 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുള്ള ലെസ്റ്റർ സിറ്റിയാണ് മൂന്നാം സ്ഥാനത്ത്. ചെൽസി നാലാമതും മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാമതുമാണ്. 10-ാം സ്ഥാനത്താണ് ആഴ്സണൽ.

content highlights: Phil Foden and Riyad Mahrez both scored twice as Manchester City thrashed Burnley EPL