കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ തേടുന്നതായി റിപ്പോര്‍ട്ട്. ഐ.എസ്.എല്ലിലെ മോശം പ്രകടനത്തിനു പിന്നാലെ സൂപ്പര്‍കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനോട് തോറ്റ് പുറത്തായതിനു പിന്നാലെയാണ് ഇക്കാര്യം പുറത്തുവരുന്നത്. 

ഐ.എസ്.എല്ലില്‍ എഫ്.സി പുണെ സിറ്റിയെ അവസാന ആറു മത്സരങ്ങളില്‍ പരിശീലിപ്പിച്ച ഫില്‍ ബ്രൗണുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയതായി ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ഇംഗ്ലീഷ് പ്രൊഫഷണല്‍ ഫുട്‌ബോളര്‍ കൂടിയാണ് ബ്രൗണ്‍. 

ഇതോടെ ഡേവിഡ് ജെയിംസിനു ശേഷം ബ്ലാസ്‌റ്റേഴ്‌സ് പരിശീലക സ്ഥാനം ഏറ്റെടുത്ത നെലോ വിന്‍ഗാഡയുടെ സ്ഥാനം തെറിച്ചേക്കും. പത്ത് രാജ്യങ്ങളില്‍ ഇരുപതോളം ഫുട്ബോള്‍ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ളയാളാണ് വിന്‍ഗാഡ. ഏഷ്യന്‍ കപ്പില്‍ ഇറാന്‍ ടീമിന്റെ പരിശീലക സംഘത്തിലെ അംഗമായിരുന്നു. മലേഷ്യ, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ അണ്ടര്‍-20 ടീമുകളെയും വിന്‍ഗാഡ പരിശീലിപ്പിച്ചിട്ടുണ്ട്.

അതേസമയം ക്ലബ്ബിന്റെ മുന്‍ താരം കൂടിയായ ഇഷ്ഫാഖ് അഹമ്മദിനെ പരിശീലക സംഘത്തിലെത്തിക്കാനും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ട്.

Content Highlights: phil brown likely to join kerala blasters report