ബാഴ്‌സലോണ: ക്ലബ്ബ് വിട്ട മുന്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള തിരിച്ചുവരാന്‍ തയ്യാറാണെങ്കില്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ ബാഴ്‌സലോണ തയ്യാറാണെന്ന് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തോമ്യു. ഗ്വാര്‍ഡിയോളയ്ക്കായി ബാഴ്‌സയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും ബര്‍ത്തോമ്യു കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ പരിശീലകനാണ് ഗ്വാര്‍ഡിയോള. 2008-ലാണ് അദ്ദേഹം സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. അതിനു മുന്‍പ് 11 വര്‍ഷക്കാലം ബാഴ്‌സയ്ക്കായി ബൂട്ടുകെട്ടിയ താരവുമാണ് ഗ്വാര്‍ഡിയോള. 2008 മുതല്‍ 2012 വരെ ബാഴ്‌സയുടെ പരിശീലകനായിരുന്ന അദ്ദേഹം രണ്ടു ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ 14 കിരീടങ്ങള്‍ ക്ലബ്ബിന് നേടിക്കൊടുത്തിട്ടുണ്ട്. 

ബാഴ്‌സ വിട്ട ശേഷം ഗ്വാര്‍ഡിയോള ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനായിരുന്നു. പിന്നീടാണ് പ്രീമിയര്‍ ലീഗിലേക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റം.

കഴിഞ്ഞ മാസം യൂണിവേഴ്‌സോ വാല്‍ഡാനോ എന്ന ടിവി പരിപാടിയില്‍ പങ്കെടുക്കവെ തനിക്ക് ബാഴ്‌സയുടെ പ്രസിദ്ധമായ ലാ മാസിയ അക്കാഡമിയില്‍ പരിശീലകനായി കരിയര്‍ അവസാനിപ്പിക്കാനാണ് താല്‍പ്പര്യമെന്ന് ഗ്വാര്‍ഡിയോള പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബാഴ്‌സ പ്രസിഡന്റിന്റെ പ്രസ്താവനയുണ്ടായിരിക്കുന്നത്. ഭാവിയില്‍ ഗ്വാര്‍ഡിയോള ബാഴ്‌സയിലേക്ക് തിരിച്ചെത്തുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ബര്‍ത്തോമ്യു പറഞ്ഞു.