ര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും ബ്രസീലിയന്‍ താരം നെയ്മറിനെയും സ്വന്തം കൂടാരത്തിലേക്കെത്തിക്കാന്‍ തയ്യാറെടുത്ത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പുതിയ കോച്ച് പെപ്പ് ഗ്വാര്‍ഡിയോള. അടുത്ത സീസണിലേക്കാണ് സ്പാനിഷ് പരിശീലകന്റെ കോപ്പുകൂട്ടല്‍.

രണ്ടുതവണ പ്രീമിയര്‍ ലീഗ് കപ്പുയര്‍ത്തിയ സിറ്റിക്ക് ഇതുവരെ യുവേഫയുടെ ചാമ്പ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ലോകഫുട്ബോളിലെ മികച്ച താരങ്ങളെ സ്വന്തമാക്കാനായാല്‍ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പെപ്പും ക്ലബ്ബ് മാനേജ്മെന്റും കരുതുന്നത്.

സൂപ്പര്‍ താരങ്ങളെ ഒരുമിച്ച് ടീമിലേക്കെത്തിക്കുകയെന്നത് പ്രയാസമുള്ളതാണെന്ന് മറ്റാരേക്കാളും കൂടുതല്‍ പെപ്പിനറിയാം. നികുതി സംബന്ധിച്ച് സ്പെയിനില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളും സിറ്റിയിലെ പ്രധാന മുന്നേറ്റതാരവും അര്‍ജന്റീനക്കാരനുമായ സെര്‍ജിയോ അഗ്യൂറോയുടെ കൂടെ കളിക്കാനാവുമെന്നതും മെസ്സിയെ മാറ്റിച്ചിന്തിപ്പിക്കാനാവുമെന്നാണ് പെപ്പും സിറ്റിയും കരുതുന്നത്. ഇരുതാരങ്ങള്‍ക്കുംവേണ്ടി എത്ര പണം മുടക്കാനും മാനേജ്മെന്റ് ഒരുക്കമാണ്.

നെയ്മറിനെ സ്വന്തമാക്കാനുള്ള പോരാട്ടത്തില്‍ നേരത്തേയുണ്ടായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും റയല്‍ മാഡ്രിഡിനും ഫ്രഞ്ച് ജേതാക്കളായ പി.എസ്.ജി.ക്കുമൊപ്പം സിറ്റിയും ചേര്‍ന്നതായാണ് പുതിയവാര്‍ത്തകള്‍. എന്നാല്‍, 2021 വരെ താരം ബാഴ്സയുമായി കരാര്‍ പുതുക്കിയത് കഴിഞ്ഞ ജൂലായിലാണ്.

ഇരുതാരങ്ങളെയും ഇത്തിഹാദിലെത്തിച്ചാല്‍ സിറ്റിക്ക് ക്ലബ്ബ് ഫുട്ബോളില്‍ വമ്പന്‍നേട്ടങ്ങള്‍ സ്വന്തമാക്കാനാകുമെന്നാണ് പെപ്പും സിറ്റിയും കരുതുന്നത്.