കളി കഴിഞ്ഞു, കപ്പും സ്വന്തമായി, കളിക്കാരുടെ ആഹ്ലാദാരവങ്ങള്‍ കണ്ടു. കലണ്ടറില്‍ ഒരു കളികൂടിയുണ്ടെങ്കിലും പെപ്പ് ഗാര്‍ഡിയോളയ്ക്ക് ഇനി ബയറണിനൊപ്പം ആഘോഷിക്കാന്‍ ഏറെയില്ല.

മൂന്നു സീസണിനുശേഷം അലയന്‍സ് അരീനയിലെ ജീവിതം സ്​പാനിഷ് പരിശീലകന്‍ മതിയാക്കുന്നു. മൂന്ന് ലീഗ് കിരീടങ്ങളുമായി, ചാമ്പ്യന്‍സ് ലീഗില്‍ ടീമിനെ ജയിപ്പിക്കാന്‍ കഴിയാത്തതിന്റെ നിരാശയോടെ.

മെയ് 21-ന് ജര്‍മന്‍കപ്പ് ഫൈനലില്‍ ബൊറൂസ്സിയ മൊണ്‍ചെന്‍ഗ്ലാഡ്ബാക്കിനെതിരായ കളിയില്‍ ഒരിക്കല്‍ക്കൂടി പെപ്പ് കിരീടപോരാട്ടത്തിന് ബയറണിനൊപ്പമുണ്ടാകും.

പിന്നെ ലണ്ടനിലേക്കൊരു യാത്ര. അവിടെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തിളച്ചുമറിയുന്ന ഫുട്‌ബോള്‍ വികാരങ്ങളുടെ നടുവിലേക്ക്.
പ്രതാപിയായിട്ടാണ് പെപ്പ് ബാഴ്‌സലോണയില്‍നിന്ന് ജര്‍മന്‍ ക്ലബ്ബായ ബയറണിലെത്തിയത്. യപ്പ് ഹെയ്‌നക്കസിന്റെ പരിശീലനത്തില്‍ ചാമ്പ്യന്‍സ് ലീഗും ബുണ്ടസ് ലിഗും ജര്‍മന്‍കപ്പുമൊക്കെ നേടി ബയറണും പ്രതാപത്തിന്റെ കൊടുമുടിയിലായിരുന്നു അന്ന്.

മ്യൂണിക്കില്‍ പ്രതീക്ഷിക്കപ്പെട്ട നേട്ടം സ്വന്തമായോയെന്ന ചോദ്യത്തോടെയാണ് പെപ്പ് യുഗം അവസാനിക്കുന്നത്. മൂന്ന് ലീഗ് കിരീടങ്ങള്‍, ജര്‍മന്‍കപ്പ്, യൂവേഫ സൂപ്പര്‍കപ്പ്, ഫിഫ ലോക ക്ലബ്ബ് കിരീടം എന്നിവ ക്ലബ്ബിലെത്തിച്ചെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടാന്‍ കഴിഞ്ഞില്ല. മൂന്നുതവണയും സെമിയില്‍ തോറ്റ് (ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകളോട്) മടങ്ങാനായിരുന്നു വിധി.

പരാജയത്തില്‍നിന്ന് ടീമിനെ ഉയര്‍ത്തിയെടുക്കുന്നതിലും ബുദ്ധിമുട്ടാണ് നേട്ടങ്ങള്‍ നിലനിര്‍ത്തുന്നത്. ബയറണിലേക്ക് എത്തുമ്പോള്‍ പെപ്പ് അഭിമുഖീകരിച്ച പ്രധാന പ്രതിസന്ധിയും ഇതായിരുന്നു. ജര്‍മന്‍ ഭാഷ പഠിച്ച് കളിക്കാരുമായി മികച്ച ബന്ധമുണ്ടാക്കിയും എതിര്‍ടീമിലെ പ്രധാന കളിക്കാരെ സ്വന്തം കൂടാരത്തിലെത്തിച്ചും ജര്‍മനിയില്‍ പിടിച്ചുനില്‍ക്കാന്‍ സ്​പാനിഷ് പരിശീലകനായി. എന്നാല്‍, യൂറോപ്പിന് പുറത്ത് ബയറണിന് ഉദ്ദേശിച്ച ഫലംകിട്ടിയില്ല.

എന്നാല്‍, ജെറോം ബോട്ടെങ്ങിനെ റെഡ് കാര്‍ഡുകളില്‍നിന്ന് മോചിപ്പിച്ച് മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡറാക്കിയതും ഡേവിഡ് അലാബയുടെ പകുതിസമയം കഴിഞ്ഞുള്ള ക്ഷീണം മാറ്റിയെടുത്തതും ഗാര്‍ഡിയോളയുടെ വിജയമാണ്. ജോഷ്വ കിമ്മിച്ച്, കിങ്സ്ലി കോമാന്‍ എന്നീ യുവതാരങ്ങളെ വളര്‍ത്തിയെടുത്തതും.

ടിക്കി-ടാക്കയെ ജനപ്രിയമാക്കിയെടുത്ത പെപ്പ് ബയറണില്‍ തന്ത്രം മാറ്റി. പന്തില്‍ തൊട്ടുകളിക്കുന്ന രീതിതന്നെയാണ് അടിസ്ഥാനമാതൃകയെങ്കിലും വിങ്ങിലൂടെയുള്ള ആക്രമണത്തിന് പ്രധാന്യമുള്ള രീതിയിലാക്കി. ആര്യന്‍ റോബന്‍, ഫ്രാങ്ക് റിബറി എന്നിവരുടെ സ്വാധീനമായിരുന്നു. കാരണം. രണ്ടാം സീസണിന്റെ പകുതി മുതല്‍ ഇരുതാരങ്ങളും പരിക്കിന്റെ പിടിയിലായതോടെ തന്ത്രവും ശൈലിയും മാറ്റാന്‍ പരിശീലകന്‍ നിര്‍ബന്ധിതനായി.

താരങ്ങളുടെ പരിക്ക് രണ്ടാം സീസണ്‍ മുതല്‍ പെപ്പിനെ വലച്ചിട്ടുണ്ട്. മെഡിക്കല്‍ ടീമുമായി നിരന്തരം കലഹിക്കേണ്ടിവന്നു. റോബനും റിബറിക്കും പുറമേ ബാഡ്സ്റ്റൂബര്‍, യാവി മാര്‍ട്ടിന്‍സ്, യുവാന്‍ ബെര്‍നെറ്റ്, മരിയോ ഗോട്‌സെ തുടങ്ങിയ കളിക്കാരെ സീസണില്‍ കാര്യമായി ലഭിച്ചില്ല.
മൂന്ന് ടീമുകള്‍ ആധിപത്യം പുലര്‍ത്തുന്ന സ്​പാനിഷ്, ജര്‍മന്‍ ലീഗുകളില്‍നിന്ന് വ്യത്യസ്തമാണ് ഇംഗ്ലീഷ് ലീഗ്. കനത്ത മത്സരം നടക്കുന്ന പ്രീമിയര്‍ ലീഗ് പെപ്പിന് പുതിയ പരീക്ഷണശാലയാകും.