ബ്രിയല്‍ ജീസസ് തിളങ്ങിയതോടെ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ബ്രസീല്‍-അര്‍ജന്റീന ഫുട്ബോള്‍വൈരത്തിന്റെ പുതിയ മുഖം കൈവരുന്നു. ബ്രസീല്‍ താരത്തിന്റെ വരവോടെ ടീമിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ അര്‍ജന്റീനക്കാരന്‍ സെര്‍ജിയോ അഗ്യൂറോയ്ക്ക് ആദ്യ ഇലവനില്‍ സ്ഥാനം നഷ്ടമായതാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്.

ബ്രസീലിലെ പല്‍മീറാസ് ക്ലബ്ബില്‍നിന്നാണ് ജീസസ് പെപ് ഗാര്‍ഡിയോളയുടെ ടീമിലെത്തിയത്. ജീസസിന്റെ വരവ് പ്രീമിയര്‍ ലീഗില്‍ ടീമിന് ഗുണം ചെയ്തപ്പോള്‍ അത് കാര്യമായി ബാധിച്ചത് സിറ്റിയുടെ അര്‍ജന്റീനിയന്‍ മുന്നേറ്റതാരം സെര്‍ജിയോ അഗ്യൂറോയ്ക്കാണ്.

ജീസസ് വന്നതോടെ അഗ്യൂറോയ്ക്ക് ടീമിലെ ആദ്യ ഇലവനില്‍ സ്ഥാനം നഷ്ടമായി. മാത്രമല്ല, അഗ്യൂറോയ്ക്കുപകരം മൂന്നുമത്സരങ്ങളില്‍ സിറ്റിക്കായി കളത്തിലിറങ്ങിയ ജീസസിന് പിഴച്ചതുമില്ല. മൂന്നുമത്സരങ്ങളില്‍ മൂന്നുഗോളുകളാണ് ബ്രസീല്‍ സ്ട്രൈക്കര്‍ നേടിയത്. ഇതോടെ മുഖ്യ സ്ട്രൈക്കര്‍ സ്ഥാനത്തേക്ക് കടുത്തമത്സരമാണ് നടക്കുന്നത്.

2011-12 സീസണില്‍ അത്ലറ്റിക്കോ മഡ്രിഡില്‍ നിന്നാണ് സെര്‍ജിയോ അഗ്യൂറോ സിറ്റിക്ക് കുടിയേറിയത്. 168 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ സിറ്റിയുടെ ജഴ്സിയണിഞ്ഞ താരം ഇതുവരെ 113 ഗോളുകളാണ് നേടിയത്. എന്നാല്‍, വരുംനാളുകളില്‍ സൂപ്പര്‍താരത്തെ കാത്തിരിക്കുന്നത് ശുഭകരമായ വാര്‍ത്തയല്ല. ആദ്യ മൂന്നു മത്സരങ്ങളില്‍ നിന്നുതന്നെ ഗാര്‍ഡിയോളയുടെ പ്രീതി പിടിച്ചുപറ്റിയ ജീസസിന്റെ പകരക്കാന്റെ റോളിലാവും അഗ്യൂറോയുടെ സ്ഥാനം. 

പുതിയ വാര്‍ത്തകള്‍ പ്രകാരം അടുത്ത കൂടുമാറ്റത്തിന് ജാലകം തുറക്കുമ്പോള്‍ അഗ്യൂറോ സിറ്റി വിടുമെന്നാണ് സൂചന. ഗാര്‍ഡിയോള സിറ്റിയുടെ കോച്ചായി ചുമതലയേറ്റതിനു ശേഷം ഇത് മൂന്നാം തവണയാണ് താരങ്ങളുടെ ഭാവിയെപ്പറ്റി ചര്‍ച്ചയാവുന്നത്.

ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടിനെ ടീമില്‍ നിന്ന് പുറത്തുപോവാന്‍ അനുവദിച്ച് ക്ലാഡിയോ ബ്രാവോയെ ടീമിലെത്തിച്ചിരുന്നു. വര്‍ഷങ്ങളായി സിറ്റിയുടെ നെടുംതൂണായി കളിച്ച യായ ടൂറെയെ ബെഞ്ചിലിരുത്തി അവസരങ്ങള്‍ നല്‍കാതെയും പരീക്ഷണം നടത്തി. 

ബാഴ്സലോണയില്‍ സാക്ഷാല്‍ റൊണാള്‍ഡിന്യോയെയും സാമുവല്‍ എറ്റുവിനെയും സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനെയും ബയറണ്‍ മ്യൂണിക്കില്‍ മരിയോ ഗോട്സെയെയും മരിയോ മാന്‍സുകിച്ചിനെയും ബെഞ്ചിലിരുത്തിയ ഗാര്‍ഡിയോളയ്ക്ക് അഗ്യൂറോയോട് കാര്യമായ പ്രതിപത്തിയില്ല.