ബയറണ്‍ മ്യൂണിക്കില്‍നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തുമ്പോള്‍ സ്​പാനിഷ് പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള ടീമില്‍ അവശ്യപ്പെടുന്നത് അഞ്ച് വലിയ മാറ്റങ്ങള്‍. എയ്മറിക് ലാപോര്‍ട്ടെ, ജോണ്‍ സ്റ്റോണ്‍സ്, ഇല്‍ഗേ ഗുണ്ടേഗന്‍, റീസെ ഓക്‌ഫോര്‍ഡ് എന്നിവരാണ് പെപ്പിന്റെ പട്ടികയിലെ മുന്‍നിരക്കാര്‍.

പ്രതിരോധത്തില്‍ വലിയ പ്രശ്‌നങ്ങളാണ് പുതിയ പരിശീലകനെ കാത്തിരിക്കുന്നത്. പരിക്കില്‍വലയുകയാണ് നായകന്‍ വിന്‍സെന്റ് കൊമ്പനി. പരിചയസമ്പന്നനായ അര്‍ജന്റീന താരം മാര്‍ട്ടിന്‍ ഡെമിഷ്യലസ് ടീം വിടുമെന്ന് പ്രഖ്യാപിച്ചു. നിക്കോളസ് ഒട്ടാമെന്‍ഡിയും മംഗളയുമാണ് ടീമിലുള്ളത്.

ഇവര്‍ക്കൊപ്പം കളിക്കാന്‍ എവര്‍ട്ടണില്‍നിന്ന് ജോണ്‍ സ്റ്റോണ്‍സിനെയും അത്‌ലറ്റിക്കോ ബില്‍ബാവോയില്‍നിന്ന് ലാപോര്‍ട്ടെയും വേണമെന്നാണ് പെപ്പിന്റെ ആവശ്യം. വെസ്റ്റ്ഹാമിന്റെ യുവതാരം റീസെ ഓക്‌സ്‌ഫോര്‍ഡിനെയും പ്രതിരോധത്തിലേക്കാണ് പരിഗണിക്കുന്നത്. അവശ്യമെങ്കില്‍ മധ്യനിരയിലും കളിപ്പിക്കാന്‍ കഴിയുന്ന താരമാണ് റീസെ.

പെപ്പ് വരുന്നതോടെ ടീം വിടുമെന്ന് ബോക്‌സ് ടു ബോക്‌സ് മിഡ്ഫീല്‍ഡറായ യായ ടുറെ പ്രഖ്യാപിച്ചിട്ടുണ്ട്. ടുറെയ്ക് പകരമായാണ് ഗുണ്ടേഗനെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ബൊറൂസിയ ഡോര്‍ട്മുണ്ട് താരമായ ഗുണ്ടേഗനെ നിലനിര്‍ത്താന്‍ ജര്‍മന്‍ ക്ലബ്ബും ശ്രമിക്കുന്നുണ്ട്. ടീമിലെ വെറ്ററന്‍ താരമായ പാബ്ലോ സബലേറ്റയെ പെപ്പ് നിലനിര്‍ത്തും.

മുന്നേറ്റത്തിലേക്ക് സെര്‍ജിയോ അഗ്യൂറോയ്‌ക്കൊത്ത പങ്കാളിയെയാണ് അഞ്ചാംതാരമായി പരിഗണിക്കുന്നത്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അന്റോണിയോ ഗ്രിസ്മാന്‍, ഡോര്‍ട്മുണ്ടിന്റെ പെരേര ഔബമെയങ് എന്നിവരെയാണ് ടീം പരിഗണിക്കുന്നത്.