ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ സമനിലക്കുരുക്ക്. കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ടോട്ടനം ഹോട്‌സ്പറും കൊമ്പുകോര്‍ത്ത മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകളടിച്ച് സമനിലയില്‍ പിരിഞ്ഞു. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു.

ലോക്ക്ഡൗണിനുശേഷം ആദ്യമായാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്. ടോട്ടനമാണ് ആദ്യം വലകുലുക്കിയത്. ഒന്നാം പകുതിയുടെ 27-ാം മിനിട്ടില്‍ സ്റ്റീവര്‍ ബെര്‍ഗ്വിന്‍ ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റം യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയയുടെ പിഴവിലൂടെ ഗോളായി കലാശിക്കുകയായിരുന്നു. 

പിന്നീട് ഇരുടീമുകളും ആക്രമണ ഫുട്‌ബോള്‍ അഴിച്ചുവിട്ടു. റാഷ്‌ഫോര്‍ഡിന്റെ ഗോളെന്നുറച്ച മൂന്നോളം കിക്കുകള്‍ ടോട്ടനം ഗോള്‍കീപ്പറും ക്യാപ്റ്റനുമായ ഹ്യൂഗോ ലോറിസ് തട്ടിയകറ്റി. ലോറിസിന്റെ മിന്നും പ്രകടനമില്ലായിരുന്നെങ്കില്‍ ചുരുങ്ങിയത് അഞ്ച് ഗോളുകളെങ്കിലും ടോട്ടനത്തിന്റെ വലയില്‍ നിറഞ്ഞേനെ. ടോട്ടനത്തിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍മാരായ സണും കെയ്‌നുമെല്ലാം ഫോമിലേക്കുയര്‍ന്നതുമില്ല. 

രണ്ടാം പകുതിയില്‍ കളി നിയന്ത്രിച്ചത് യുണൈറ്റഡായിരുന്നു. ടോട്ടനത്തിന്റെ ഗോള്‍മുഖത്ത് നിരന്തരം ആക്രമിച്ച യുണൈറ്റഡിന് 80-ാം മിനിട്ടില്‍ പെനാല്‍ട്ടി ലഭിച്ചു. ഡിഫന്‍ഡര്‍മാരെ കബിളിപ്പിച്ച് വലതുവിങ്ങിലൂടെ ബോക്‌സിനകത്തേക്ക് കടന്ന പോഗ്ബയെ എറിക്ക് ഡയര്‍ ഫൗള്‍ ചെയ്തതിനാണ് യുണൈറ്റഡിന് അനുകൂലമായി റഫറി പെനാല്‍ട്ടി അനുവദിച്ചത്. യുണൈറ്റഡിന്റെ പുത്തന്‍ കുന്തമുന ബ്രൂണോ ഫെര്‍ണാണ്ടസ് അനായാസം സ്‌കോര്‍ ചെയ്ത് സമനില നേടി. 

കളി തീരാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെ വീണ്ടും യുണൈറ്റഡിന് അനുകൂലമായി പെനാല്‍ട്ടി വിധിച്ചെങ്കിലും വാറിലൂടെ അത് അസാധുവായി. 

സമനിലയോടെ 30 കളികളില്‍ നിന്നും 46 പോയന്റുമായി യുണൈറ്റഡ് അഞ്ചാമതും ഇത്രയും കളികളില്‍ നിന്നും 42 പോയന്റുമായി ടോട്ടനം എട്ടാമതും നില്‍ക്കുന്നു. ഇരുടീമുകളും നാലാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ്. 

ഡിസംബറില്‍  ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ടോട്ടനത്തിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് യുണൈറ്റഡ് തോല്‍പ്പിച്ചിരുന്നു. 

സോള്‍ഷ്യറിന് കീഴില്‍ പരാജയമറിയാതെ തുടര്‍ച്ചയായി 12 മത്സരങ്ങള്‍ ഇതോടെ യുണൈറ്റഡ് പൂര്‍ത്തിയാക്കി. 

Content Highlights: Penalty drama denies Man United a win vs Tottenham