പാരീസ്: ലോകകപ്പില്‍ അര്‍ജന്റീനക്കെതിരായ പ്രീ ക്വാര്‍ട്ടറിന് മുമ്പ് ഫ്രാന്‍സ് താരം പോള്‍ പോഗ്ബ ടീമംഗങ്ങളെ പ്രചോദിപ്പിക്കാനായി നടത്തിയ പ്രസംഗം പുറത്തുവന്നു. മെസ്സിയുണ്ടെങ്കിലും ഇല്ലെങ്കിലും അവരെ നമ്മളിന്ന്
ഇല്ലാതാക്കിയിരിക്കും എന്നാണ് സഹതാരങ്ങളോട് പോഗ്ബ പറയുന്നത്. 

'എനിക്ക് കളിക്കളത്തില്‍ യോദ്ധാക്കളെയാണ് കാണേണ്ടത്. കപ്പില്ലാതെ നമ്മള്‍ നാട്ടിലേക്ക് പോകരുത്. ഇന്ന് നമ്മള്‍ അവരെ ഇല്ലാതാക്കും. മെസ്സി ഉണ്ടോ ഇല്ലയോ...അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. നമ്മള്‍ ഈ ലോകകപ്പ് വിജയിക്കാനാണ് വന്നിരിക്കുന്നത്. അത് നേടിയെടുക്കുക തന്നെ ചെയ്യും' പോഗ്ബ പറയുന്നു. 

പോഗ്ബയുടെ പ്രചോദനം വെറുതെയായില്ല. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ 4-3ന് ഫ്രാന്‍സ് പരാജയപ്പെടുത്തി. പിന്നീട് ക്വാര്‍ട്ടറില്‍ യുറഗ്വായ്‌ക്കെതിരായ മത്സരത്തിന് മുമ്പും പോഗ്ബ ഇതുപോലെ ടീമംഗങ്ങളോട് സംസാരിച്ചിരുന്നു. അത് ഇങ്ങിനെയായിരുന്നു.

'ഇനി പിന്നോട്ടൊരു തിരിഞ്ഞുനോട്ടമില്ല. നമ്മള്‍ ഈ വിജയം തുടരാന്‍ പോകുകയാണ്. ജൂലായ് 15ന് നമ്മള്‍ റഷ്യയില്‍ തന്നെയുണ്ടാകണം. ഇന്ന് ബ്ലെയ്‌സെ ബെഞ്ചിലാണ് (മഞ്ഞക്കാര്‍ഡിനെ തുടര്‍ന്ന് മറ്റൗഡിക്ക് ക്വാര്‍ട്ടറില്‍ കളിക്കാനായിരുന്നില്ല) അവന് നിരാശനാണ്. ഗ്രൗണ്ടിലുള്ള നമ്മളില്‍ ആരേക്കാളും ഗ്രൗണ്ടിലിറങ്ങി കളിക്കാനുള്ള ആഗ്രഹം അവനുണ്ട്. അടി കിട്ടിയവനെപ്പോലെ ഇരിക്കുകയാണവന്‍. അതുകൊണ്ട് ഇന്ന് അവന് വേണ്ടിയാകണം നമ്മള്‍ പോരാടേണ്ടത്.

Content Highlights: Paul Pogba Pre Argentina World Cup speech revealed