photo: twitter/ Paris Saint-Germain
ഒസാക്ക (ജപ്പാന്): പുതിയ സീസണിന് മുന്നോടിയായുളള പ്രീ-സീസണ് മത്സരങ്ങള്‍ ഉജ്ജ്വലമാക്കി ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി. ജപ്പാനിലെ മൂന്ന് പ്രീ-സീസണ് മത്സരങ്ങളിലും ടീം വിജയിച്ചു കയറി. മൂന്നാം മത്സരത്തില്‍ ജപ്പാനീസ് ക്ലബ്ബ് ഗാമ്പ ഒസാക്കയെ രണ്ടിനെതിരേ ആറ് ഗോളുകള്‍ക്കാണ് പിഎസ്ജി തകര്‍ത്തത്. സൂപ്പര്‍താരങ്ങളായ മെസ്സിയുടേയും നെയ്മറിന്റേയും തിളങ്ങുന്ന പ്രകടനങ്ങളാണ് മത്സരത്തില്‍ പിഎസ്ജിക്ക് വന്‍ ജയമൊരുക്കിയത്. ക്രിസ്റ്റഫെ ഗാള്‍ട്ടിയര്‍ പരിശീലകനായി ചുമതലയേറ്റതിനു ശേഷം പിഎസ്ജി വിജയക്കുതിപ്പ് തുടരുകയാണ്.
ഗാമ്പ ഒസാക്കയ്ക്കെതിരേ ആദ്യ പകുതിയില്‍ തന്നെ പിഎസ്ജി നാല് ഗോളുകള്‍ നേടി. 28-ാം മിനിറ്റില്‍ പാബ്ലോ സറബിയയാണ് ആദ്യം വലകുലുക്കിയത്. പിന്നാലെ പെനാല്‍റ്റിയിലൂടെ നെയ്മറും ലക്ഷ്യം കണ്ടു. എന്നാല്‍ 34-ാം മിനിറ്റില്‍ കെയ്സൂക്കെ കുറാവാക്കെയിലൂടെ ഒസാക്ക തിരിച്ചടിച്ചു. 37-ാം മിനിറ്റില്‍ ന്യൂനോ മെന്‍ഡസ് പിഎസ്ജിയുടെ മൂന്നാം ഗോള്‍ നേടി. രണ്ട് മിനിറ്റിനു ശേഷം സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ഗോള്‍ വലകുലുക്കി.
രണ്ടാം പകുതിയില്‍ നെയ്മര്‍ വീണ്ടും ലക്ഷ്യം കണ്ടു. എന്നാല്‍ 70-ാം മിനിറ്റില്‍ ഹിറോട്ടോ യമാമി ഒസാക്കയുടെ രണ്ടാം ഗോള്‍ നേടി. 86-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കിലിയന്‍ എംബാപ്പെയും ഗോള്‍ നേടിയതോടെ പിഎസ്ജി തകര്‍പ്പന്‍ ജയം സ്വന്തമാക്കി. നേരത്തേ ഉറാവ റെഡ്സ്, കവസാക്കി എന്നീ ജപ്പാനീസ് ക്ലബ്ബുകളേയും ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാര് തോല്‍പ്പിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..