ലാഹോർ: പാകിസ്താൻ ഫുട്ബോൾ ഫെഡറേഷന് ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയുടെ സസ്പെൻഷൻ. പാകിസ്താൻ ഫുട്ബോൾ ഫെഡറേഷനിൽ ബാഹ്യ ഇടപെടലുകൾ ചൂണ്ടിക്കാണിച്ചാണ് ഫിഫ അതിവേഗത്തിൽ സസ്പെൻഷൻ നൽകിയത്.

ഫിഫയുടെ ചട്ടങ്ങൾക്കെതിരായ കാര്യങ്ങളാണ് പാകിസ്താൻ ഫുട്ബോൾ ഫെഡറേഷനിൽ നടക്കുന്നത്. പാകിസ്താൻ ഫുട്ബോളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഫിഫ നേതൃത്വം നൽകിയ നോർമലൈസേഷൻ കമ്മിറ്റിയുടെ നേതൃത്വസ്ഥാനത്തുനിന്നും ഹറൂൺ മാലിക്കിനെ നീക്കി പകരം സയെദ് അഷ്ഫാഖ് ഹുസൈനിന് സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് ചിലർ പാകിസ്താനിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ഇത് ഫിഫ അറിഞ്ഞതോടെ പ്രശ്നങ്ങൾ സങ്കീർണമായി. പ്രശ്നം കണ്ടെത്തിയതിനേത്തുടർന്ന് ഫിഫ പാകിസ്താൻ ഫുട്ബോൾ ഫെഡറേഷന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും വേണ്ട നടപടികൾ സ്വീകരിക്കാത്തതിനെത്തുടർന്നാണ് ഫിഫ പാകിസ്താൻ ഫുട്ബോൾ ഫെഡറേഷന് സസ്പെൻഷൻ നൽകിയത്.

ഇതിനുമുൻപ് 2017 ഒക്ടോബറിലും ഫിഫ പാകിസ്താൻ ഫുട്ബോൾ ഫെഡറേഷന് സസ്പെൻഷൻ നൽകിയിരുന്നു. അന്ന് ആറുമാസമാണ് സസ്പെൻഷൻ നിലനിന്നത്.

Content Highlights: Pakistan football team suspended by FIFA with immediate effect over third party interference