Image Courtesy: AP
കോളോണ്‍ (ജര്‍മനി): തുല്യ ശക്തികളുടെ പോരാട്ടം കണ്ട യൂറോപ്പ ലീഗ് ഫൈനലില്‍ ഇന്റര്‍ മിലാനെ വീഴ്ത്തി സെവിയ്യയ്ക്ക് കിരീടം. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് ക്ലബ്ബിന്റെ ജയം. 74-ാം മിനിറ്റില്‍ ലുക്കാക്കുവിന്റെ സെല്‍ഫ് ഗോളാണ് ഇന്ററിന്റെ വിധിയെഴുതിയത്. സെവിയ്യയുടെ ആറാം യൂറോപ്പ ലീഗ് കിരീടമാണിത്. ഏറ്റവും കൂടുതല്‍ യൂറോപ്പ ലീഗ് കിരീടങ്ങളും സെവിയ്യയുടെ പേരില്‍ തന്നെ.
മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ലുക്കാക്കുവിന്റെ പെനാല്‍റ്റിയിലൂടെ ഇന്റര്‍ മുന്നിലെത്തി. ലുക്കാക്കുവിനെ ഡിയേഗോ കാര്‍ലോസ് ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ലുക്കാക്കു പന്ത് വലയിലെത്തിച്ചു. യൂറോപ്പ ലീഗില്‍ തുടര്‍ച്ചയായ 11-ാം മത്സരത്തിലാണ് ലുക്കാക്കു ഗോള്‍ പട്ടികയില്‍ ഇടം നേടിയത്.
ഗോള്‍ വീണിട്ടും പതറാതിരുന്ന സെവിയ്യ ഏഴു മിനിറ്റിനുള്ളില്‍ ഒപ്പമെത്തി. 12-ാം മിനിറ്റില്‍ ലൂക്ക് ഡിയോങ്ങാണ് അവരുടെ ആദ്യ ഗോള്‍ നേടിയത്. ഹെഡറിലൂടെയായിരുന്നു ഡിയോങ് പന്ത് വലയിലെത്തിച്ചത്. പിന്നീലെ 33-ാം മിനിറ്റില്‍ എവര്‍ ബനേഗ എടുത്ത ഫ്രീകിക്ക് ഒരു ഗംഭീര ഹെഡറിലൂടെ വലയിലെത്തിച്ച ഡിയോങ് സെവിയ്യയ്ക്ക് ലീഡ് നേടിക്കൊടുത്തു. എന്നാല്‍ രണ്ടു മിനിറ്റിനുള്ളില്‍ ഡിയഗോ ഗോഡിനിലൂടെ ഇന്റര്‍ ഒപ്പമെത്തി.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും കരുതലോടെയാണ് തുടങ്ങിയത്. 74-ാം മിനിറ്റില്‍ സെവിയ്യയുടെ കിരീടമുറപ്പിച്ച ഗോള്‍ വന്നു. ഡിയേഗോ കാര്‍ലോസിന്റെ ബൈസൈക്കിള്‍ കിക്ക് തടയാനുള്ള ലുക്കാക്കുവിന്റെ ശ്രമം പാളി. താരത്തിന്റെ കാലില്‍ തട്ടി പന്ത് സ്വന്തം വലയില്‍.
Content Highlights: Own goal from Romelu Lukaku Sevilla beat Inter to lift their sixth Europa League title
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..