പാരിസ്: ഫുട്ബോൾ ലോകത്ത് തീപടർത്തി ഫ്രഞ്ച് താരങ്ങളായ ഒസ്മാനെ ഡെംബലയുടേയും അന്റോയ്ൻ ഗ്രീസ്മാന്റേയും വംശീയാധിക്ഷേപം. ഫ്രാൻസ് യൂറോ കപ്പിൽ നിന്നും പുറത്തായി ഒരാഴ്ച്ച മാത്രം പിന്നിട്ടിരിക്കേയാണ് ഇരുവരും ഒരു ഏഷ്യൻ വംശജരെ വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവന്നത്. ഡെംബലയുടെ വാക്കുകൾ കേട്ട് ഗ്രീസ്മാൻ ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ വീഡിയോയുടെ ഉറവിടം ഇതുവരെ പുറത്തുവന്നിട്ടില്ല.

ഹോട്ടൽ റൂമിൽ സാങ്കേതിക സഹായത്തിനു എത്തിയ ഏഷ്യൻ വംശജരായ സ്റ്റാഫിനെ ഇരുവരും അധിക്ഷേപിക്കുകയായിരുന്നു. ഗ്രീസ്മാനും ഡെംബലെയും താമസിക്കുന്ന ഹോട്ടൽ റൂമിലെ ടെലിവിഷനിൽ പ്രോ എവല്യൂഷൻ സോക്കറെന്ന വീഡിയോ ഗെയിം ഇൻസ്റ്റാൾ ചെയ്യാനെത്തിയതായിരുന്നു ഏഷ്യക്കാരായ സ്റ്റാഫ്. ഇവരുടെ മുഖം വൃത്തികെട്ടതാണെന്നും ഭാഷ മോശമാണെന്നും രാജ്യം സാങ്കേതികമായി ഉയർന്നതാണോ എന്നെല്ലാം ഡെംബലെ ചോദിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതെല്ലാം കേട്ട് ഗ്രീസ്മാൻ ഡെംബലെയെ നോക്കി ചിരിക്കുന്നതും വീഡിയോയിൽ കാണാം.

എന്നാൽ ഈ സംഭവം നടന്നത് രണ്ടു വർഷം മുമ്പാണെന്നും ഗ്രീസ്മാന്റെ ഹെയർസ്റ്റൈലിൽ നിന്ന് അതു വ്യക്തമാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഈ അധിക്ഷേപത്തെ ന്യായീകരിക്കാൻ കഴിയില്ലെന്നും ഫ്രാൻസ് ടീമും ഇരുവരും കളിക്കുന്ന സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയും നടപടി സ്വീകരിക്കണമെന്നും ആരാധകർ വ്യക്തമാക്കുന്നു.

വംശീയതക്കെതിരായ പോരാട്ടത്തിന്റെ ചരിത്രമുള്ള ടീമാണ് ഫ്രാൻസ്. അങ്ങനെയുള്ള ഒരു ടീമിലെ താരങ്ങൾ ഇത്തരത്തിൽ പെരുമാറുന്നത് ആരാധകർക്കിടയിൽ വലിയ അമർഷമാണുണ്ടാക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇരുവർക്കുമെതിരേ #StopAsianHate എന്ന ക്യാമ്പെയ്നും ആരംഭിച്ചിട്ടുണ്ട്.

Content Highlights: Ousmane Dembele Antoine Griezmann racism row