പാരിസ്: ഏഷ്യൻ വംശജരെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ഫ്രഞ്ച് ഫുട്ബോൾ താരങ്ങളായ ഒസ്മാനെ ഡെംബലയും അന്റോയ്ൻ ഗ്രീസ്മാനും. ആരേയും വംശീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആ സംഭവം നടന്നത് ജപ്പാനിലായതിനാൽ ഏഷ്യൻ വംശജർക്കെതിരായ അധിക്ഷേപമായി കണക്കാക്കരുതെന്നും ഡെംബല പറയുന്നു. ലോകത്ത് എവിടെയാണെങ്കിലും ആ രീതിയിലാണ് താൻ പ്രതികരിക്കുകയെന്നും ഏതെങ്കിലും ഒരു വിഭാഗത്തിനെതിരായ അധിക്ഷേപമായി അതിനെ ചിതീകരിക്കരുതെന്നും ഡെംബല വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഡെംബല പ്രതികരിച്ചത്.

എല്ലാ തരത്തിലുള്ള വിവേചനങ്ങൾക്കും എതിരാണെന്നും വീഡിയോ ദൃശ്യത്തിലെ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഗ്രീസ്മാൻ ട്വീറ്റ് ചെയ്തു.

2019-ൽ ജപ്പാനിൽ ബാഴ്സലോണയുടെ പ്രീ സീസൺ ടൂറിന്റെ സമയത്തുള്ളതാണ് പുറത്തുവന്ന വീഡിയോ. ഗ്രീസ്മാനും ഡെംബലെയും താമസിക്കുന്ന ഹോട്ടൽ റൂമിലെ ടെലിവിഷനിൽ പ്രോ എവല്യൂഷൻ സോക്കറെന്ന വീഡിയോ ഗെയിം ഇൻസ്റ്റാൾ ചെയ്യാനെത്തിയതായിരുന്നു ഏഷ്യക്കാരായ സ്റ്റാഫ്. ഇവരുടെ മുഖം വൃത്തികെട്ടതാണെന്നും ഭാഷ മോശമാണെന്നും രാജ്യം സാങ്കേതികമായി ഉയർന്നതാണോ എന്നെല്ലാം ഡെംബലെ ചോദിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതെല്ലാം കേട്ട് ഗ്രീസ്മാൻ ഡെംബലെയെ നോക്കി ചിരിക്കുന്നതും വീഡിയോയിൽ കാണാം.

എന്നാൽ ഈ സംഭവം നടന്നത് രണ്ടു വർഷം മുമ്പാണെന്നും ഗ്രീസ്മാന്റെ ഹെയർസ്റ്റൈലിൽ നിന്ന് അതു വ്യക്തമാണെന്നും ആരാധകർ നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: Ousmane Dembele Antoine Griezmann apologise for mocking Asian hotel staff