ഹൈദരാബാദ്: ഇ.എം.ഇ സെന്ററില്‍ (സെക്കന്തരാബാദ്) നിന്നുള്ള എക്കാലത്തെയും മികച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍മാരില്‍ ഒരാളായ ബീര്‍ ബഹാദൂര്‍ (75) അന്തരിച്ചു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം.

ആഴ്ചകളോളം അബോധാവസ്ഥയിലായിരുന്നു. അവസാന കാലത്ത് ദയനീയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നിത്യവൃത്തിക്കായി സെക്കന്തരാബാദിലെ കന്റോണ്‍മെന്റ് ഏരിയയില്‍ ഉന്തുവണ്ടിയില്‍ പാനിപുരി വിറ്റാണ് ജീവിച്ചുപോന്നത്. 

ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസങ്ങളായിരുന്ന പീറ്റര്‍ തങ്കരാജ്, നയീമുദ്ദീന്‍, യൂസഫ് ഖാന്‍ (എല്ലാവരും സെക്കന്തരാബാദ് കന്റോണ്‍മെന്റ് ഏരിയയില്‍ നിന്നുള്ളവര്‍) എന്നിവരുടെ സമകാലികനായിരുന്നു. 

മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്ന അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ പലതും ഇന്നും ഓര്‍മയിലുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വിക്ടര്‍ അമല്‍രാജ് പറയുന്നു.

സര്‍വീസസിനായി ബൂട്ടുകെട്ടിയ ബീര്‍, 1960 മുതല്‍ 1970 വരെയുള്ള ഒരു ദശാബ്ദത്തോളം ത്രിലോക് സിങ്, ദൊരൈസ്വാമി, വില്യംസ് എന്നീ വമ്പന്‍മാര്‍ക്കൊപ്പം കളിച്ച താരമാണ്.

ഗൂര്‍ഖ ബ്രിഗേഡിനൊപ്പം 1966-ലെ ചരിത്ര പ്രസിദ്ധമായ ഡ്യൂറന്‍ഡ് കപ്പ് വിജയത്തില്‍ പങ്കാളിയായിരുന്നു. സേട്ട് നാഗ്ജി, ചാക്കോള, ജി.വി രാജ, ശ്രീനാരായണ ടൂര്‍ണ്ണമെന്റുകളിലായി കേരളത്തിലും കളിക്കാനെത്തിയിരുന്നു അദ്ദേഹം. 

Content Highlights: One of the finest footballers Bir Bahadur, passed away