പാരിസ്:  യുവേഫ നാഷണ്‍സ് ലീഗില്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിന് വിജയം. പാരിസില്‍ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളിന് ഫ്രാന്‍സ് പരാജയപ്പെടുത്തി. ലോകകപ്പിന് ശേഷം ഫ്രാന്‍സ് നേടുന്ന ആദ്യ വിജയമാണിത്. കഴിഞ്ഞ മത്സരത്തില്‍ ഫ്രാന്‍സിനെ ജര്‍മനി സമനിലയില്‍ കുരുക്കിയിരുന്നു.

മത്സരം തുടങ്ങി 14-ാം മിനിറ്റില്‍ തന്നെ പി.എസ്.ജി താരം എംബാപ്പെയിലൂടെ ഫ്രാന്‍സ് ലീഡ് നേടി. പിന്നീട്ം 67-ാം മിനിറ്റിലാണ് നെതര്‍ലന്‍ഡ്‌സ് ലോകചാമ്പ്യന്‍മാരെ ഒപ്പം പിടിച്ചത്. റയാന്‍ ബാബെലായിരുന്നു ഗോള്‍ സ്‌കോറര്‍. 

എന്നാല്‍ ഏഴ് മിനിറ്റിനുള്ളില്‍ ഫ്രാന്‍സ് വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. മെന്‍ഡിയുടെ പാസില്‍ ഒളിവര്‍ ജിറൗഡാണ് ലക്ഷ്യം കണ്ടത്. ഫ്രഞ്ച് ജഴ്‌സിയില്‍ ജിറൗഡിന്റെ മുപ്പത്തി രണ്ടാമത്തെ ഗോളായിരുന്നു അത്. 

നിലവില്‍ ലീഗ് എയില്‍ ഗ്രൂപ്പ് ഒന്നില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ഒന്നാമതാണ് ഫ്രാന്‍സ്. ജര്‍മനിയും നെതര്‍ലന്‍ഡ്‌സുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 

Content Highlights: Olivier Giroud stunner sends France to first UEFA Nations League win