ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ നാലിലെത്താനുള്ള പോരാട്ടം കനക്കുമ്പോള്‍ നിര്‍ണായക ജയവുമായി ചെല്‍സി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് നീലപ്പട മറികടന്നത്.

ജയത്തോടെ 36 മത്സരങ്ങളില്‍ നിന്ന് 63 പോയന്റുമായി ചെല്‍സി മൂന്നാം സ്ഥാനം ഭദ്രമാക്കി. ചെല്‍സിയുടെ ജയത്തോടെ നാലാം സ്ഥാനത്തിനായി ലെസ്റ്റര്‍ സിറ്റിയും മാഞ്ചെസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ കടുത്ത മത്സരമാകും നടക്കുക. ആദ്യ പകുതിയുടെ അധിക സമയത്ത് ഒളിവര്‍ ജിറൂദാണ് ചെല്‍സിയുടെ വിജയ ഗോള്‍ നേടിയത്. ചെല്‍സിക്കായി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് താരം വലകുലുക്കിയത്.

കഴിഞ്ഞ മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനോട് നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയ ടീമിനെ അഴിച്ചുപണിതാണ് ലാംപാര്‍ഡ് നോര്‍വിച്ചിനെതിരേ തന്റെ ടീമിനെ ഇറക്കിയത്. ക്രിസ്റ്റ്യന്‍സന്‍, റീസ് ജെയിംസ്, മൗണ്ട്, ടാമി അബ്രഹാം, റോസ് ബാര്‍ക്ലി എന്നിവരെ പുറത്തിരുത്തിയ പരിശീലകന്‍ പകരം ജിറൂദ്, അലൊന്‍സോ, റൂഡിഗര്‍, കോവച്ചിച് എന്നിവരെ ആദ്യ ഇലവനില്‍ ഇറക്കി.

Content Highlights: Olivier Giroud put Chelsea closer to Champions League qualification win against Norwich