ലണ്ടന്‍: ആഴ്‌സണലിന്റെ ഫ്രഞ്ച് താരം ഒലിവര്‍ ജിറൗഡിന് പുതുവത്സര ദിനത്തില്‍ ഇതിലും മികച്ചൊരു തുടക്കം ലഭിക്കാനില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തില്‍ മനോഹരമായൊരു സ്‌കോര്‍പിയോണ്‍ ഗോളിലൂടെ ജിറൗഡ് പുതുവര്‍ഷം ഗംഭീരമാക്കി. കഴിഞ്ഞ വാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഹെന്റിക് മഖ്യതെരാന്‍ നേടിയ സ്‌കോര്‍പിയോണ്‍ ഗോളിന് സമാനമായിരുന്നു ജിറൗഡിന്റെയും ഗോള്‍.

ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തിന്റെ 17ാം മിനിറ്റിലാണ് ജിറൗഡിന്റെ അത്ഭുത ഗോള്‍ പിറന്നത്. അലക്‌സി സാഞ്ചസ് നല്‍കിയ ക്രോസ് പ്രതിരോധ നിരക്കാര്‍ക്കിടയില്‍ നില്‍ക്കുകയായിരുന്ന ജിറൗഡ് പുറംകാല്‍ കൊണ്ട് വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു. പന്ത് ബാറില്‍ തട്ടി നേരേ പോസ്റ്റിലെത്തി

മത്സരത്തില്‍ ആഴ്‌സണല്‍ ക്രിസ്റ്റല്‍ പാലസിനെ 2-0ത്തിന് പരാജയപ്പെടുത്തി. യുവതാരം അലെക്‌സ് ഇവോബിയാണ് ആഴ്‌സണലിന്റെ രണ്ടാം ഗോള്‍ നേടിയത്. ലീഗില്‍ ഈ വാരം പ്രമുഖ ടീമുകളെല്ലാം വിജയം കണ്ടപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി മാത്രമാണ് പരാജയപ്പെട്ടത്. അതും ലിവര്‍പൂളിനോട്. തോല്‍വിയോടെ സിറ്റി അഞ്ചാം സ്ഥാനത്തേക്ക് വീണു. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ചെല്‍സിയും ലിവര്‍പൂളുമാണ്. 40 പോയിന്റുള്ള ആഴ്‌സണല്‍ മൂന്നാമതും 39 പോയിന്റുമായി ടോട്ടനം നാലാം സ്ഥാനത്തുമുണ്ട്.

ഗോള്‍ കാണാം