മാഞ്ചെസ്റ്റര്‍: കഴിഞ്ഞ ഞായറാഴ്ച ലിവര്‍പൂളിനെതിരായ നാണംകെട്ട തോല്‍വിയോടെ മഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗണ്ണര്‍ സോള്‍ഷ്യറിന്റെ ഭാവി അവതാളത്തിലായിരിക്കുകയാണ്. 

കളിക്കാര്‍ക്ക് തന്നെ സോള്‍ഷ്യറിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ 48-കാരനെ ക്ലബ്ബ് പുറത്താക്കിയേക്കും.

സോള്‍ഷ്യര്‍ക്ക് പകരം ആര് യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്ക് വരുമെന്നതാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോഴത്തെ ചര്‍ച്ച. 

ഇറ്റാലിയന്‍ പരിശീലകന്‍ അന്റോണിയോ കോണ്ടെ, ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍, അയാക്‌സ് പരിശീലകന്‍ ടെന്‍ ഹാഗ്, പി.എസ്.ജി പരിശീലകന്‍ മൗറീസിയോ പോച്ചെറ്റിനോ എന്നിവരുടെ പേരുകളെല്ലാം ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഇക്കഴിഞ്ഞ മേയില്‍ ഇന്റര്‍ മിലാന്‍ വിട്ട ശേഷം കോണ്ടെ മറ്റ് ചുമതലകളൊന്നും ഇതുവരെ ഏറ്റെടുത്തിട്ടില്ല. മാത്രമല്ല നേരത്തെ ചെല്‍സിയെ പരിശീലിപ്പിച്ച കോണ്ടെയ്ക്ക് പ്രീമിയര്‍ ലീഗ് സാഹചര്യങ്ങളും പരിചിതമാണ്. സൂചനകള്‍ വിരല്‍ചൂണ്ടുന്നതും കോണ്ടെയിലേക്കാണ്. അദ്ദേഹവുമായി യുണൈറ്റഡ് ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. 

ഇന്റര്‍മിലാനെ കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍മാരാക്കിയ ശേഷം മാനേജ്‌മെന്റുമായി ഉടക്കിയാണ് കോണ്ടെ ടീം വിട്ടത്.

Content Highlights: ole gunnar solskjaer expected to be sacked antonio conte may come