ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗുണാര്‍ സോള്‍ഷേറിന്റെ സ്ഥാനം ഇളകുന്നു. ഇന്ന് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെതിരേ തോല്‍വി വഴങ്ങിയാല്‍ സോള്‍ഷേറും പരിശീലകസംഘവും പടിയിറങ്ങേണ്ടിവരും.

ലീഗില്‍ 15-ാം സ്ഥാനത്താണ് ടീം. ആറു കളിയില്‍ മൂന്നില്‍ തോറ്റു. രണ്ടു ജയവും ഒരു സമനിലയും വഴി ഏഴു പോയന്റ് മാത്രം. ലീഗില്‍ ആഴ്‌സനലിനോടും ചാമ്പ്യന്‍സ് ലീഗില്‍ തുര്‍ക്കി ക്ലബ്ബ് ഇസ്താംബുള്‍ ബസാക്‌സെഹിറിനോടും തോറ്റതാണ് സോള്‍ഷേറുടെ നില പരുങ്ങലിലാക്കിയത്. കരുത്തരായ പി.എസ്.ജി., റെഡ്ബുള്‍ ലെയ്പ്‌സിഗ് ടീമുകളെ തോല്‍പ്പിച്ചശേഷമാണ് ടീം മങ്ങിപ്പോയത്.

സീസണില്‍ സ്ഥിരതയോടെ കളിക്കാന്‍ ടീമിന് കഴിയുന്നില്ല. പ്രതിരോധത്തിലാണ് പ്രശ്‌നങ്ങള്‍ ഏറെ. ഇസ്താംബുളിനെതിരേ പ്രതിരോധം അമ്പേ പാളി. കളിക്കാരെ പ്രചോദിപ്പിക്കാന്‍ ഒലെക്ക് കഴിയുന്നില്ലെന്നാണ് പ്രധാന ആരോപണം.

ക്ലബ്ബ് പരിശീലകസ്ഥാനത്തേക്ക് ടോട്ടനത്തിന്റെ മുന്‍ പരിശീലകന്‍ മൗറീഷ്യോ പൊച്ചെറ്റിനോ വരുമെന്ന് അഭ്യൂഹമുണ്ട്. യുവന്റസ് മുന്‍ പരിശീലകന്‍ മാസിമിലിയാനോ അലെഗ്രിയുടെ പേരും കേള്‍ക്കുന്നുണ്ട്. 2018 ഡിസംബര്‍ 19 ന് പരിശീലകനായെത്തിയ ഒലെക്ക് കീഴില്‍ യുണൈറ്റഡ് 101 മത്സരം കളിച്ചു. 55 മത്സരം ജയിച്ചു. 25 തോല്‍വി വഴങ്ങി. കഴിഞ്ഞ സീസണില്‍ ടീമിനെ ലീഗില്‍ മൂന്നാംസ്ഥാനത്തെത്തിച്ചു. കിരീടങ്ങളൊന്നും നേടിയില്ല.

പുതുതായി ടീമിലെത്തിച്ച ടെല്ലെസ്, വാന്‍ ബീക്ക്, കവാനി തുടങ്ങിയ താരങ്ങള്‍ക്ക് വേണ്ട വിധത്തില്‍ സ്ഥാനം നല്‍കാന്‍ സോള്‍ഷ്യറിന് സാധിച്ചില്ല. പ്രതിരോധം ശക്തിപ്പെടുത്താന്‍ കഴിഞ്ഞ ലേലത്തില്‍ മികച്ച താരങ്ങളെ ടീമിലെത്തിക്കാനും ഒലെയ്ക്ക് കഴിഞ്ഞില്ല. 

Content Highlights:  Ole Gunnar Solskjær will be terminated from Manchester United because of the poor performance as manager