ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയരാകുന്ന 2022 അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗ്യചിഹ്നമായി പെണ്‍ സിംഹം ഇഭ. പെണ്‍മക്കളുടെ ദിനമായ ഇന്നാണ് ഫിഫ ഭാഗ്യ ചിഹ്നം പുറത്തിറക്കിയത്.

ഏഷ്യന്‍ പെണ്‍സിംഹത്തിന്റെ പ്രതീകമാണ് ഇഭ. സ്ത്രീ ശക്തിയെയാണ് ഇഭ പ്രതിനിധീകരിക്കുന്നതെന്ന് ഫിഫ വ്യക്തമാക്കി. ഖാസി ഭാഷയില്‍ നിന്നാണ് ഇഭ എന്ന പേര് സ്വീകരിച്ചതെന്ന് ഫിഫ ചീഫ് വുമണ്‍സ് ഫുട്‌ബോള്‍ ഓഫീസര്‍ സരായി ബരേമാന്‍ അറിയിച്ചു. 

'എവരെയും പ്രചോദിപ്പിക്കുന്ന കഥാപാത്രമാണ് ഇഭ. അണ്ടര്‍ 17 ലോകകപ്പിന് ഇന്ത്യ വേദിയാകുമ്പോള്‍ അത് ഇന്ത്യന്‍ ഫുട്‌ബോളിനും ഊര്‍ജമേകും. യുവതലമുറയ്ക്ക് ഫുട്‌ബോള്‍ ഒരു കരിയറാക്കി മാറ്റാനും സാധിക്കും. പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതിനും അവരെ മുന്‍നിരയിലേക്ക് നയിക്കുന്നതിനും വേണ്ടിയാണ് ഇഭയെ തിരഞ്ഞെടുത്തത്.'- മബരേമാന്‍ പറഞ്ഞു. 

2022 ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് ലോകകപ്പ് നടക്കുക. ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യയും ലോകകപ്പില്‍ കളിക്കുന്നുണ്ട്. ഭുവനേശ്വര്‍, കൊല്‍ക്കത്ത, ഗുവാഹട്ടി, അഹമ്മദാബാദ് മുബൈ എന്നീ സ്റ്റേഡിയങ്ങളിലായാണ് മത്സരം നടക്കുക. ഇതാദ്യമായാണ് ഇന്ത്യ അണ്ടര്‍ 17 വനിതാ ലോകകപ്പില്‍ പങ്കെടുക്കുന്നത്. സ്‌പെയിനാണ് നിലവിലെ ചാമ്പ്യന്മാര്‍. 16 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുക. ഏഷ്യയില്‍ നിന്ന് ഇന്ത്യയ്ക്ക് പുറമേ ജപ്പാനും ഉത്തരകൊറിയയും കളിക്കും. 

Content Highlights: Official Mascot revealed for FIFA U-17 Women's World Cup India 2022