ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പ്രകീര്‍ത്തിച്ച് മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ നായകന്‍ വെയ്ന്‍ റൂണി. റൊണാള്‍ഡോ ലോകോത്തര താരമാണെന്നും അദ്ദേഹം 40 വയസ്സുവരെ ഫുട്‌ബോള്‍ ലോകത്ത് തുടരുമെന്നും റൂണി അറിയിച്ചു. 

36-ാം വയസ്സില്‍ റൊണാള്‍ഡോ വീണ്ടും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തി. നാളെ ന്യൂകാസില്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍ താരം ടീമിനായി രണ്ടാം അരങ്ങേറ്റം കുറിക്കും. ഇതെല്ലാം കണക്കിലെടുത്താണ് റൂണി ഇക്കാര്യം അറിയിച്ചത്. യുണൈറ്റഡില്‍ ഒരുമിച്ച് കളിച്ചാണ് റൂണിയും റൊണാള്‍ഡോയും  ലോകോത്തര താരങ്ങളായി മാറിയത്.

' റൊണാള്‍ഡോ 40 വയസ്സുവരെ ഫുട്‌ബോള്‍ ലോകത്ത് സജീവമായി തുടരുമെന്ന് എനിക്കുറപ്പാണ്. 2009-ല്‍ യുണൈറ്റഡില്‍ കളിക്കുമ്പോള്‍ വേഗവും ഡ്രിബ്ലിങ്ങുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആയുധം. വര്‍ഷം കഴിയുന്തോറും അദ്ദേഹത്തിന്റെ വേഗത വര്‍ധിച്ചുവരുന്നു ഒപ്പം ഗോള്‍ സ്‌കോറിങ്ങില്‍ ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറുകയും ചെയ്തു. 36-ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമിലേക്ക് ക്ഷണം ലഭിക്കുക എന്നത് അധികമാര്‍ക്കും ലഭിക്കാത്ത സുവര്‍ണാവസരമാണ്. ഫുട്‌ബോളിനോടുള്ള  സമര്‍പ്പണമാണ് റൊണാള്‍ഡോയെ ലോകോത്തര താരമായി വാര്‍ത്തെടുത്തത്. ഇപ്പോഴും മികച്ച കായികക്ഷമത പുലര്‍ത്താന്‍ റൊണാള്‍ഡോയ്ക്ക് സാധിക്കുന്നു. റയാന്‍ ഗിഗ്‌സിനെ പോലെ അദ്ദേഹം 40 വയസ്സുവരെ യുണൈറ്റഡിന് വേണ്ടി കളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായി താരം മാറും' -റൂണി പറഞ്ഞു. 

2003 മുതല്‍ 2009 വരെയാണ് റൊണാള്‍ഡോ ആദ്യമായി യുണൈറ്റഡിന് വേണ്ടി പന്തുതട്ടിയത്. അന്ന് റൂണിയും റൊണാള്‍ഡോയും ഒരുമിച്ചാണ് ചുവന്ന ചെകുത്താന്മാരുടെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പിന്നീട് 2009-ല്‍ റൊണാള്‍ഡോ റയലിലേക്ക് ചേക്കേറുകയായിരുന്നു. അവിടെനിന്ന് യുവന്റസിലേക്കും മാറി. 

യുവന്റസില്‍ നിന്നും മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്ക് താരം പോകുമെന്ന സൂചനകള്‍ ഉയര്‍ന്നെങ്കിലും നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ റൊണാള്‍ഡോ യുണൈറ്റഡിലേക്ക് തിരിച്ചെത്തി. നാളെ നടക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ന്യൂ കാസിലിനെതിരേ റൊണാള്‍ഡോ കളിച്ചേക്കും. റാഫേല്‍ വരാനെ, ജേഡന്‍ സാഞ്ചോ എന്നിവരെയും യുണൈറ്റഡ് ഈ സീസണില്‍ ടീമിലെത്തിച്ചിട്ടുണ്ട്.

Content Highlights: Not a surprise for me if he plays until 40 Wayne Rooney on how Cristiano Ronaldo has adapted his game