ബെര്‍ലിന്‍: കോവിഡ് പ്രതിസന്ധിക്കു ശേഷം ശനിയാഴ്ച പുനരാരംഭിച്ച ബുണ്ടസ്ലിഗ മത്സരത്തിനിടെ കോവിഡ് ചട്ടം ലംഘിച്ച് താരങ്ങള്‍. ജര്‍മന്‍ ക്ലബ്ബ് ഹെര്‍ത്ത ബെര്‍ലിന്‍ താരങ്ങളാണ് മത്സരത്തിനിടെ സാമൂഹിക അകലം പാലിക്കാതെ ഗോളാഘോഷത്തില്‍ ഏര്‍പ്പെട്ടത്.

ശനിയാഴ്ച നടന്ന ഹെര്‍ത്ത ബെര്‍ലിന്‍ - ഹോഫന്‍ഹെയ്മിന്‍ മത്സരത്തിനിടെ ഗോള്‍ നേട്ടം ആഘോഷിക്കാന്‍ ഹെര്‍ത്ത ഡിഫന്‍ഡര്‍ ഡെഡ്‌റിക്ക് ബൊയാട്ട സഹതാരമായ മാര്‍ക്കോ ഗ്രുജിക്കിന്റെ കവിളില്‍ ചുംബിക്കുകയായിരുന്നു.

കളിക്കളത്തില്‍ സാമൂഹിക അകലം പാലിക്കണമെന്ന ജെര്‍മന്‍ ഫുട്‌ബോള്‍ ലീഗ് ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മത്സരങ്ങള്‍ പുനരാരംഭിച്ച ആദ്യ ദിവസം തന്നെ ചട്ടലംഘനമുണ്ടായിരിക്കുന്നത്. മറ്റു താരങ്ങള്‍ കൈമുട്ടുകള്‍ കൂട്ടിയിടിച്ചുള്ള ആഘോഷത്തിന് മാത്രം തയ്യാറായപ്പോഴാണ് ബൊയാട്ടയുടെ ഈ നീക്കം.

എന്നാല്‍ താരങ്ങള്‍ക്കെതിരേ നടപടിയെടുക്കില്ലെന്നാണ് ജെര്‍മന്‍ ഫുട്‌ബോള്‍ ലീഗ് അധികൃതരുടെ നിലപാട്. മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ഹെര്‍ത്ത ബെര്‍ലിന്റെ ജയം.

കോവിഡിനെ തുടര്‍ന്ന് രണ്ട് മാസത്തെ സസ്‌പെന്‍ഷനുശേഷം പുനരാരംഭിക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രധാന ഫുട്‌ബോള്‍ ലീഗാണ് ബുണ്ടസ് ലിഗ. കാണികളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ മത്സരത്തിനു സാക്ഷിയായത് മാധ്യമപ്രവര്‍ത്തകരും ടീമുകളുടെ ഒഫീഷ്യല്‍സും റഫറിമാരും മാത്രമാണ്.

Content Highlights: No punishment for Bundesliga players for breaking social distancing norms