ലണ്ടന്‍: ആരാധകര്‍ ഏറെ ഉറ്റുനോക്കിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചെസ്റ്റര്‍ ഡര്‍ബിയില്‍ സിറ്റിയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് യുണൈറ്റഡ്.

ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായതിന്റെ ക്ഷീണം തീര്‍ക്കാനായി സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയ്‌ക്കെതിരെ ഇറങ്ങിയ യുണൈറ്റഡ് നിറം മംങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. സിറ്റിയും മോശം പ്രകടനമാണ് പുറത്തെടുത്തത്. ഇരുടീമുകള്‍ക്കും അവസരങ്ങള്‍ കാര്യമായി സൃഷ്ടിക്കാനായില്ല. ആരാധകര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.

ഈ സമനിലയോടെ യുണൈറ്റഡ് എട്ടാം സ്ഥാനത്തേക്ക് വീണു. 11 മത്സരങ്ങളില്‍ നിന്നും 20 പോയന്റാണ് യുണൈറ്റഡിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 19 പോയന്റുള്ള സിറ്റി ഒന്‍പതാം സ്ഥാനത്താണ്.

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ജയിച്ചുവന്ന ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിന് എവര്‍ടണ്‍ കീഴടക്കി. 22-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് സിഗ്യുറോസണാണ് എവര്‍ട്ടണിന്റെ വിജയഗോള്‍ നേടിയത്. ഈ തോല്‍വിയോടെ ചെല്‍സി പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.

പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ വെസ്റ്റ് ഹാം ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ലീഡ്‌സിനെയും ആസ്റ്റണ്‍ വില്ല എതിരില്ലാത്ത ഒരു ഗോളിന് വോള്‍വ്‌സിനെയും ന്യൂകാസില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വെസ്റ്റ് ബ്രോമിനെയും തോല്‍പ്പിച്ചു.

Content Highlights: No fans, no goals United City draw Manchester derby 0-0