ലണ്ടൻ: ജർമൻ സൂപ്പർ സ്ട്രൈക്കർ തിമോ വെർണർ ഏത് ക്ലബ്ബിലെത്തും? ചെൽസിയും ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും വെർണർക്ക് പിന്നാലെയാണ്. അതിനിടയിൽ ലിവർപൂളിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഫ്രാങ്ക് ലാംപാർഡിന്റെ ചെൽസി വെർണറുമായി കരാറിലെത്തി എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ വെർണറുടെ നിലവിലെ ടീം ആർബി ലെയ്പ്സിഗ് ഈ ഊഹാപോഹങ്ങളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ്.

68 മില്ല്യൺ ഡോളറിന് വെർണർ ചെൽസിയിലെത്തുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗികമായി ചെൽസി തങ്ങളെ സമീപിച്ചിട്ടില്ലെന്നും നിലവിൽ ഈ സീസണിലെ ജർമൻ ലീഗിന്റെ അവസാന ലാപ്പ് മികച്ച രീതിയിൽ അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ആർബി ലെയ്പ്സിഗിന്റെ മാനേജിങ് ഡയറക്ടർ ഒളിവർ മിന്റ്സ്ലാഫ് വ്യക്തമാക്കി.

ഈ സീസണിൽ ലെയ്പ്സിഗിനായി മികച്ച പ്രകടനമാണ് 24-കാരൻ പുറത്തെടുത്തത്. ഈ സീസണിൽ ഇതുവരെ വെർണർ 32 ഗോളുകൾ അടിച്ചുകൂട്ടി. ലെയ്പ്സിഗിനായി 154 മത്സരങ്ങൾ കളിച്ച താരത്തിന്റെ അക്കൗണ്ടിൽ ഇതുവരെയുള്ളത് 92 ഗോളുകളാണ്. ജർമനിക്കായി 29 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും നേടി.