പാരിസ്: പി.എസ്.ജിയുടെ ബ്രസീലിയൻ ഫുട്‌ബോള്‍ താരം നെയ്മറുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചത് ലൈംഗികാരോപണ കേസില്‍ അദ്ദേഹം അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാലാണെന്ന് പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ നൈക്കി.

നേരത്തെ നൈക്കിയിലെ ഒരു ജീവനക്കാരിയാണ് നെയ്മര്‍ക്കെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. നെയ്മറുമായുണ്ടായിരുന്ന നീണ്ട 15 വര്‍ഷത്തെ കരാര്‍ 2020-ലാണ് നൈക്കി അവസാനിപ്പിച്ചത്. പിന്നീട് താരം പ്യൂമയുമായി കരാറിലെത്തുകയായിരുന്നു. എന്നാല്‍ നെയ്മറുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞതിന്റെ കാരണം അക്കാലത്ത് നൈക്കി വ്യക്തമാക്കിയിരുന്നില്ല. 

കമ്പനിയിലെ ഒരു ജീവനക്കാരി ഉന്നയിച്ച വിശ്വാസയോഗ്യമായ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കാന്‍ നെയ്മര്‍ വിസമ്മതിച്ചതിനാലാണ് നൈക്കി അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്ന് നൈക്കിയുടെ ജനറല്‍ കൗണ്‍സിലായ ഹിലരി ക്രെയ്ന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

2018-ലാണ് ജീവനക്കാരി ഇക്കാര്യം ഔദ്യോഗികമായി കമ്പനിയെ അറിയിക്കുന്നത്. നൈക്കി അന്വേഷണത്തിന് തയ്യാറെടുത്തെങ്കിലും സ്വകാര്യത മാനിക്കണമെന്ന ജീവനക്കാരിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് 2019-ല്‍ അവര്‍ തന്നെ ഇക്കാര്യം നിയമപരമായി നേരിടാന്‍ താത്പര്യം പ്രകടിപ്പിക്കുന്നതുവരെ രഹസ്യമാക്കി വെയ്ക്കുകയായിരുന്നുവെന്നും നൈക്കി പ്രസ്താവനയില്‍ പറയുന്നു. 

എന്നാല്‍ ഇവയെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് നെയ്മറിന്റെ വക്താവ് പ്രതികരിച്ചു. നൈക്കിയുമായുള്ള കരാര്‍ അവസാനിപ്പിച്ചത് സാമ്പത്തിക കാര്യങ്ങളുടെ പേരിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Nike says split with Neymar over refusal to cooperate with sex-assault probe