പാരിസ്: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ മനംകവരുകയാണ് സ്‌പോര്‍ട്‌സ് അനുബന്ധ ഉപകരണ നിര്‍മാതാക്കളായ നൈക്കിയുടെ പുതിയ പരസ്യം. ഫ്രാന്‍സില്‍ നടന്നുകൊണ്ടിരിക്കുന്ന വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗമായാണ് നൈക്കി പുതിയ പരസ്യം പുറത്തിറക്കിയത്.

നൈക്കിയുടെ പ്രശസ്തമായ 'ജസ്റ്റ് ഡു ഇറ്റ്' പരസ്യങ്ങളുടെ പിന്തുടര്‍ച്ചയാണ് പുതിയ പരസ്യവും. പുരുഷ കേന്ദ്രീകൃതമെന്നു കരുതുന്ന ഫുട്‌ബോളില്‍ സ്ത്രീകള്‍ക്കും സ്ഥാനമുണ്ടെന്ന് പറയാതെപറഞ്ഞുവെയ്ക്കുകയാണ് നൈക്കി. 'ഡ്രീം ഫര്‍തര്‍' എന്നാണ് പുതിയ പരസ്യത്തിന്റെ പേര്. ലിവര്‍പൂള്‍ - ടോട്ടനം ചാമ്പ്യന്‍സ് ലീഗ് മത്സര വേദിയിലാണ് ഈ പരസ്യം നൈക്കി പുറത്തിറക്കിയത്. 

അമേരിക്കന്‍ താരം ക്രിസ്റ്റല്‍ ഡന്‍, ബ്രസീലിന്റെ അന്‍ഡ്രെസ ആല്‍വസ്, നെതര്‍ലാന്‍ഡ്‌സിന്റെ ലെയ്‌ക്കെ മാര്‍ട്ടെന്‍സ്, കൊറിയയുടെ ജി സോ യുന്‍, ഫ്രാന്‍സിന്റെ അമാന്‍ഡൈന്‍ ഹെന്റ്രി എന്നീ താരങ്ങള്‍ക്കൊപ്പം നെയ്മറും ജെറാര്‍ഡ് പിക്വെയും ഫിലിപ്പെ കുടീഞ്ഞ്യോയും ഈ പരസ്യത്തിന്റെ ഭാഗമായിട്ടുണ്ട്. 10 വയസുകാരി മക്കെന കുക്കാണ് ഇതിലെ പ്രധാന കഥാപാത്രം.

സ്വപ്‌നങ്ങളെയല്ല മാറ്റേണ്ടത് ലോകത്തെയാണെന്ന് ഈ പരസ്യ ചിത്രം പറഞ്ഞുവെയ്ക്കുന്നു. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ പരസ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ഒമ്പത് വേദികളിലായി 24 ടീമുകളാണ് ഇത്തവണ വനിതാ ലോകകപ്പില്‍ മത്സരിക്കുന്നത്. മൂന്ന് തവണ കിരീടം നേടിയിട്ടുള്ള നിലവിലെ ജേതാക്കള്‍ കൂടിയായ അമേരിക്കയ്ക്കാണ് ഇത്തവണയും മുന്‍തൂക്കം. ആദ്യമായാണ് ഫ്രാന്‍സ് വനിതാ ലോകകപ്പിന് വേദിയാവുന്നത്.

Content Highlights: nike powerful womens world cup ad