സാന്‍ യുവാന്‍: ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫുട്‌ബോള്‍ പോരാട്ടത്തിനാണ് ഇന്ന് പുലര്‍ച്ചേ അര്‍ജന്റീനയിലെ സാന്‍ യുവാന്‍ സ്‌റ്റേഡിയം സാക്ഷിയായത്. ചിരവൈരികളായ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വന്ന മത്സരം. ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. 

മത്സരത്തില്‍ അര്‍ജന്റീനയും ബ്രസീലും ഗോള്‍രഹിത സമനില പാലിച്ചു. മത്സരം സമനിലയിലായെങ്കിലും ബ്രസീല്‍ ആരാധകര്‍ രോഷം പൂണ്ടുനില്‍ക്കുകയാണ്. പെനാല്‍ട്ടി ബോക്‌സിനകത്തുവെച്ച് അര്‍ജന്റീന പ്രതിരോധതാരം നിക്കോളാസ് ഒട്ടമെന്‍ഡിയുടെ പരുക്കന്‍ ഫൗളാണ് ബ്രസീല്‍ ആരാധകരെ ചൊടിപ്പിച്ചത്. 

മത്സരത്തിന്റെ 34-ാം മിനിട്ടിലാണ് സംഭവം അരങ്ങേറിയത്. പന്തുമായി ബോക്‌സിനകത്തേക്ക് കയറിയ ബ്രസീലിന്റെ റാഫീന്യയുടെ കാലില്‍ നിന്ന് ഒട്ടമെന്‍ഡി പന്ത് റാഞ്ചിയെടുത്തു. പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ ഒട്ടമെന്‍ഡിയെ റാഫീന്യ പ്രസ് ചെയ്തു. ഇത് കണ്ട ഒട്ടമെന്‍ഡി അപകടകരമാം വിധം കൈമുട്ട് വീശി. അര്‍ജന്റീന താരത്തിന്റെ കൈമുട്ട് നേരെ ചെന്നിടിച്ചത് റാഫീന്യയുടെ മുഖത്താണ്.

വേദനകൊണ്ട് പുളഞ്ഞ റാഫീന്യ അപ്പോള്‍ തന്നെ നിലത്തുവീണു. വായില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി. ഇക്കാര്യം റഫറിയെ അറിയിച്ചെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ല. മത്സരം പുനരാരംഭിക്കുകയും ചെയ്തു. 

ഒട്ടമെന്‍ഡിയ്ക്ക് ചുവപ്പുകാര്‍ഡ് നല്‍കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയ പരിക്കേല്‍ക്കാതെ റാഫീന്യ രക്ഷപ്പെട്ടത്. റഫറിയുടെ തീരുമാനം തെറ്റാണെന്നും ഒട്ടമെന്‍ഡിയ്ക്ക് ചുവപ്പ് കാര്‍ഡ് നല്‍കാത്തത് നീതിയ്ക്ക് നിരക്കാത്തതാണെന്നും ചൂണ്ടിക്കാണിച്ച് ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. 

റഫറിയ്‌ക്കെതിരേ ബ്രസീല്‍ പരിശീലകന്‍ ടിറ്റെയും രംഗത്തെത്തി. മത്സരത്തില്‍ ആകെ 41 ഫൗളുകളാണ് പിറന്നത്. ഏഴുതാരങ്ങള്‍ മഞ്ഞക്കാര്‍ഡ് കാണുകയും ചെയ്തു. ഈ സമനിലയോടെ അര്‍ജന്റീന 2022 ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി. 

Content Highlights: Nicolas Otamendi had no sympathy after elbowing Raphinha during Argentina 0-0 Brazil