ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ക്യാപ്റ്റനെ മാറ്റി ബ്രസീല്‍ ടീം. സൂപ്പര്‍ താരം നെയ്മറെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ഡാനി ആല്‍വ്‌സ് ആയിരിക്കും കോപ്പ അമേരിക്കയില്‍ ബ്രസീലിനെ നയിക്കുക. ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. 

ബ്രസീലിലാണ് ഇത്തവണ കോപ്പ അമേരിക്ക ഫുട്‌ബോള്‍ നടക്കുന്നത്. ഖത്തറിനും ഹോണ്ടുറാസിനും എതിരായ സൗഹൃദ മത്സരങ്ങളിലും കോപ്പ അമേരിക്കയിലും ഡാനി ആല്‍വ്‌സ് ആയിരിക്കും ബ്രസീലിന്റെ ക്യാപ്റ്റന്‍.

മുപ്പത്തിയാറുകാരനായ ഡാനി ആല്‍വ്‌സ് ഇതിന് മുമ്പും ടീമിന്റെ നായകനായിട്ടുണ്ട്. അവസാനമായി 2018-ല്‍ നടന്ന മത്സരത്തില്‍ ഡാനി ആല്‍വ്‌സിന്റെ നേതൃത്വത്തിലിറങ്ങിയ ബ്രസീല്‍ ടീം എതിരില്ലാത്ത ഒരു ഗോളിന് ജര്‍മനിയെ പരാജയപ്പെടുത്തിയിരുന്നു. ബ്രസീലിനായി 138 മത്സരങ്ങളില്‍ കളിച്ച ഡാനി ആല്‍വ്‌സ് പ്രതിരോധ നിരയിലെ വിശ്വസ്തനാണ്.  

ജൂണ്‍ 14നാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍ തുടങ്ങുന്നത്. അര്‍ജന്റീന, ബോളീവിയ, വെനിസ്വേല, പെറു, ബ്രസീല്‍, കൊളംബിയ, പരാഗ്വെ, ഖത്തര്‍ എന്നീ എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുന്നത്. 

Content Highlights:  Neymar stripped of Brazil captaincy and replaced by Dani Alves Copa America 2019