പാരിസ്: സ്വന്തം തട്ടകത്തില്‍ ബാഴ്‌സ തോറ്റ ദിവസം തന്നെ പി.എസ്.ജിയില്‍ ഗോളോടെ നെയ്മറുടെ അരങ്ങേറ്റം.

നെയ്മറുടെ കരുത്തില്‍ ഫ്രഞ്ച് ലീഗ് വണ്ണില്‍ ഗ്യുങ്ങാപ്പിനെ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് പി.എസ്.ജി തകര്‍ത്തത്. ഒരു ഗോള്‍ നേടിയ നെയ്മര്‍ ശേഷിക്കുന്ന രണ്ട് ഗോളുകളില്‍ നിര്‍ണായകമായ പങ്ക് വഹിക്കുകയും ചെയ്തു.

നെയ്മര്‍ എഡിസണ്‍ കവാനിക്ക് നല്‍കിയ പാസ് ക്ലിയര്‍ ചെയ്യാനുള്ള ജോര്‍ഡന്‍ ഇകോക്കോയുടെ ശ്രമം ഒരു സെല്‍ഫ് ഗോളില്‍ കലാശിച്ചാണ് പി.എസ്.ജി ലീഡ് നേടിയത്. അമ്പത്തിരണ്ടാം മിനിറ്റിലായിരുന്നു ഇത്.

പത്ത് മിനിറ്റിനുള്ളില്‍ നെയ്മര്‍ എതിര്‍ പ്രതിരോധഭിത്തി നെടുകെ പിളര്‍ത്തി നല്‍കിയ ഒന്നാന്തരമൊരു ത്രൂബോള്‍ വലയിലാക്കി കവാനി പി.എസ്.ജി.യുടെ ലീഡ് ഇരട്ടിയാക്കി. എണ്‍പത്തിരണ്ടാം മിനിറ്റിലായിരുന്നു സ്‌റ്റേഡിയം കാത്തിരുന്ന നിമിഷം. ഇടതു ഭാഗത്ത് വിന്യസിക്കപ്പെട്ടിട്ടും മധ്യഭാഗത്തും നിറഞ്ഞുകളിച്ച നെയ്മറുടെ ഗോള്‍.

തിങ്ങിനിറഞ്ഞ എതിര്‍ ബോക്‌സില്‍ ഒരു പ്രതിരോധക്കാരനെ കബളിപ്പിച്ച് നല്‍കിയ പാസ് ഒന്നാന്തരമായി ഫിനിഷ് ചെയ്താണ് 222 ദശലക്ഷം യൂറോ എന്ന റെക്കോഡ് തുകയ്ക്ക് പി.എസ്.ജിയിലെത്തിയ നെയ്മറുടെ ആദ്യ ഗോള്‍.

നെയ്മറുടെ ഗോൾ കാണാം