സാന്‍ യുവാന്‍: 2022 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയെ നേരിടാനൊരുങ്ങുന്ന ബ്രസീലിന് തിരിച്ചടി. അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം നെയ്മര്‍ ബ്രസീലിനുവേണ്ടി കളിക്കില്ല. പരിക്കാണ് താരത്തിന് തിരിച്ചടിയായത്. 

ഇടത്തേ തുടയ്ക്ക് പരിക്കേറ്റ നെയ്മര്‍ക്ക് ടീം വിശ്രമം അനുവദിച്ചു. അര്‍ജന്റീനയിലെ സാന്‍ യുവന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക.നെയ്മര്‍ക്ക് പുറമേ കാസെമിറോയും കളിക്കില്ല.  അര്‍ജന്റീനയ്ക്ക് വേണ്ടി സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിക്കുമെന്ന് പരിശീലകന്‍ ലയണല്‍ സ്‌കളോനി അറിയിച്ചു.

പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ മെസ്സി യുറുഗ്വായ്‌ക്കെതിരായ മത്സരത്തില്‍ വെറും 15 മിനിട്ട് മാത്രമാണ് കളിച്ചത്. പി.എസ്.ജിയുടെ രണ്ട് മത്സരങ്ങളും താരത്തിന് നഷ്ടമായി. പി.എസ്.ജിയ്ക്ക് വേണ്ടി മെസ്സിയും നെയ്മറും ഒരുമിച്ചാണ് കളിക്കുന്നത്. 

ലോകകപ്പ് യോഗ്യത ബ്രസീല്‍ നേരത്തേ ഉറപ്പിച്ചിട്ടുണ്ട്. 2009 ന് ശേഷം അര്‍ജന്റീനയ്‌ക്കെതിരേ അവരുടെ ഹോം ഗ്രൗണ്ടില്‍ വിജയിക്കാന്‍ ബ്രസീലിന് സാധിച്ചിട്ടില്ല. 

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 12 മത്സരങ്ങളില്‍ നിന്ന് 34 പോയന്റുകള്‍ നേടിക്കൊണ്ട് ബ്രസീല്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇത്രയും മത്സരങ്ങളില്‍ നിന്ന് 28 പോയന്റ് നേടിയ അര്‍ജന്റീന രണ്ടാം സ്ഥാനത്താണ്. ഇരുടീമുകളും യോഗ്യതാ റൗണ്ടില്‍ ഇതുവരെ തോല്‍വി വഴങ്ങിയിട്ടില്ല. 

ഈയിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ കീഴടക്കി കിരീടം നേടാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചിരുന്നു. 

Content Highlights: Neymar out of Argentina vs Brazil in World Cup qualifying