പാരിസ്: ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പി.എസ്.ജിയും മാഴ്സയും തമ്മിലുള്ള മത്സരം കളിയേക്കാളേറെ കണ്ടത് കൈയാങ്കളി ആയിരുന്നു. പി.എസ്.ജിയുടെ സൂപ്പർ താരം നെയ്മർ ഉൾപ്പെടെ അഞ്ചു പേർക്ക് ചുവപ്പ് കാർഡും 12 താരങ്ങൾക്ക് മഞ്ഞക്കാർഡുമാണ് മത്സരത്തിൽ ലഭിച്ചത്. നെയ്മറെക്കൂടാതെ പി.എസ്.ജിയിൽ ലെവിൻ കുർസാവ, ലിയാൻഡ്രോ പരദേസ് എന്നിവർക്കും മാഴ്സയിൽ ജോർദാൻ അമാവി, ഡാരിയോ ബെനെഡെറ്റോ എന്നിവർക്കുമാണ് ചുവപ്പ് കാർഡ് കിട്ടിയത്. മത്സരത്തിൽ പി.എസ്.ജി ഒരൊറ്റ ഗോളിന് തോൽക്കുകയും ചെയ്തു.
എന്നാൽ ഇതിന് പിന്നാലെ മാഴ്സ പ്രതിരോധ താരം അൽവാരോ ഗോൺസാലസിനെതിരേ ഗുരുതര ആരോപണവുമായി നെയ്മർ രംഗത്തെത്തി. മത്സരത്തിനിടെ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നാണ് നെയ്മറിന്റെ ആരോപണം. ഇതേ തുടർന്നാണ് ഗോൺസാലസിന്റെ തലയ്ക്ക് പിന്നിൽ താൻ ഇടിച്ചതെന്നും നെയ്മർ വ്യക്തമാക്കുന്നു.
മത്സരശേഷം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ നെയ്മർ ഗോൺസാലസിനെ തെറി വിളിച്ച് ബ്രസീൽ താരം വീണ്ടും രംഗത്തെത്തി. ഗോൺസാലസിന്റെ മുഖത്ത് ഇടിക്കാത്തതാണ് തന്റെ സങ്കടം എന്നു പറഞ്ഞ നെയ്മർ അസഭ്യമായ വാക്ക് ഉപയോഗിച്ചാണ് മാഴസ പ്രതിരോധ താരത്തെ അഭിസംബോധന ചെയ്തത്.
ഇതിനെതിരേ ഗോൺസാലസും രംഗത്തെത്തി. പരാജയം ഉൾക്കൊള്ളാൻ നെയ്മർക്ക് അറിയില്ലെന്നും ഗ്രൗണ്ടിൽ സംഭവിക്കുന്നത് ഗ്രൗണ്ടിൽ തീർക്കാൻ അറിയണമെന്നുമായിരുന്നു ഗോൺസാലസിന്റെ മറുപടി. നെയ്മറെ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണവും മാഴസ താരം നിഷേധിച്ചു.
Content Highlights: Neymar on Gonzalez My only regret is not hitting that asshole in the face