ബ്രസീലിയ: സൂപ്പര്‍ താരം നെയ്മറില്ലാതെ ടോക്യോ ഒളിമ്പിക്‌സിനുള്ള ബ്രസീല്‍ ടീം. നെയ്മറിന്റെ അഭാവത്തില്‍ ടോക്യോ ഒളിമ്പിക്‌സിനുള്ള  ബ്രസീല്‍ ടീമിനെ ഡാനി ആല്‍വ്‌സ് നയിക്കും. 

ടോക്യോയില്‍ കളിക്കണമെന്ന് നെയ്മര്‍ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പി.എസ്.ജിയുടെ മുന്നേറ്റതാരം ഇല്ലാതെയാണ് പരിശീലകന്‍ അന്ത്രെസ് യര്‍ദയിന്‍ 16 അംഗ സംഘത്തെ  പ്രഖ്യാപിച്ചത്. അത്‌ലറ്റിക്കോ പാരനെന്‍സിന്റെ 31-കാരന്‍ ഗോള്‍കീപ്പര്‍ സാന്റോസും സെവിയ്യയുടെ 28-കാരന്‍ ഡിഫെന്‍ഡര്‍ ഡീഗോ കാര്‍ലോസും ടീമിലുണ്ട്.

38-കാരനായ ഡാനി ആല്‍വസ് പരിക്കിനെ തുടര്‍ന്ന്  കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കളിക്കുന്നില്ല. ടൂര്‍ണമെന്റിന് മുന്‍പ് താരത്തിന് കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. മുന്‍ ബാഴ്സലോണ താരമായ ആല്‍വസ് നിലവില്‍ സാവോ പോളയുടെ മിഡ്ഫീല്‍ഡര്‍ ആണ്.

ടോക്യോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിന് മുന്‍പ് ജൂലൈ 23-ന് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിക്കും. 2016-ല്‍ റിയോ ഡി ജനെയ്‌റോയില്‍ നടന്ന ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ ടീമാണ് ബ്രസീല്‍.

Content Highlights: Neymar left out of Brazil team for Tokyo Olympics