-
ലിസ്ബൺ:കാൽനൂറ്റാണ്ടു നീളുന്ന കാത്തിരിപ്പിന് ശേഷമാണ് ഫ്രഞ്ച് ചാമ്പ്യൻമാരായ പി.എസ്.ജി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലെത്തുന്നത്. ഇഞ്ചുറി ടൈമിൽ നേടിയ ഇരട്ടഗോളിലായിരുന്നു അറ്റ്ലാന്റയ്ക്കെതിരേ പി.എസ്.ജിയുടെ വിജയം. നാല് അറ്റ്ലാന്റ് ടീമിനെ വാങ്ങാവുന്ന അത്രയും പണം കൊടുത്ത് സൂപ്പർ താരം നെയ്മറെ ടീമിലെത്തിച്ച പി.എസ്.ജിക്ക് കണക്കുകൂട്ടലുകൾ തെറ്റിയില്ല. ബ്രസീൽ താരത്തിന്റെ മികവിലായിരുടെ അവരുടെ സെമി മുന്നേറ്റം.
ആദ്യം അവസരങ്ങൾ പാഴാക്കി വില്ലനായെങ്കിലും പിന്നീട് രണ്ട് ഗോളിന് വഴിയൊരുക്കി ഫഞ്ച് ടീമിന്റെ നായകനാകുകയായിരുന്നു നെയ്മർ. ഇതോടെ കളിയിലെ താരത്തിനുള്ള പുരസ്കാരവും നെയ്മറിന് ലഭിച്ചു. എന്നാൽ ഈ പുരസ്കാരം നെയ്മർ സഹതാരം എറിക് മാക്സിം ചോപ്പോ മോട്ടിങ്ങിന് കൈമാറി. നെയ്മറിനൊപ്പം രണ്ടു ഗോളിലും പ്രവർത്തിച്ച മറ്റൊരു താരമായിരുന്നു ചോപ്പോ മോട്ടിങ്.
മുന്നേറ്റത്തിലെ സൂപ്പർതാരം എംബാപ്പെയുടെ അഭാവത്തിൽ ആദ്യപകുതിയിൽ പി.എസ്.ജിയുടെ ആക്രമണം നയിച്ച നെയ്മർ അനായാസ അവസരങ്ങൾ കളിച്ചിരുന്നു. എന്നാൽ 90,93 മിനിറ്റുകളിലായി പി.എസ്.ജിയുടെ വിജയം നിർണയിച്ച രണ്ടു ഗോളുകളിലും നെയ്മറിന് നിർണായക റോളുണ്ടായിരുന്നു. എന്നാൽ നെയ്മർ മാത്രമല്ല, ചോപ്പോ മോട്ടിങ്ങിന്റേയും പ്രകടനം ഈ രണ്ടു ഗോളിലും നിർണായകമായി.
മാർക്വീഞ്ഞോസ് നേടിയ ആദ്യ ഗോളിന് വഴിയൊരുക്കിയ നെയ്മറിന് ബോക്സിന് പുറത്തുനിന്ന് ക്രോസിലൂടെ പന്തെത്തിച്ചത് മോട്ടിങ്ങായിരുന്നു. പിന്നീട് നെയ്മറിൽ നിന്ന് എംബാപ്പെ വഴി ലഭിച്ച പന്ത് ഗോൾപോസ്റ്റിലെത്തിച്ചതും മോട്ടിങ് തന്നെയാണ്.
മത്സരത്തിന്റെ 79-ാം മിനിറ്റിൽ മൗറോ ഇക്കാർഡിയുടെ പകരക്കാരനായാണ് മോട്ടിങ് ഗ്രൗണ്ടിലിറങ്ങിയത്. പിന്നീടുള്ള 11 മിനിറ്റുകൾ പി.എസ്.ജിയുടെ കളി മാറിമറിഞ്ഞു. അതുവരെ തോൽവിയുറപ്പിച്ചിരുന്ന ടീം ഉണർന്നു കളിച്ചു സെമിയിലേക്ക് മുന്നേറി.
ജർമനിയിൽ ജനിച്ച് കാമറൂണിനായി കളിക്കുന്ന മോട്ടിങ്ങിന് പ്രായം 31 ആയി. 2018-ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഒന്നാം ഡിവിഷനിൽ സ്റ്റോക്ക് സിറ്റി തരംതാഴ്ത്തപ്പെട്ടതോടെയാണ് മോട്ടിങ് ഫ്രഞ്ച് ക്ലബ്ബിലെത്തുന്നത്. പി.എസ്.ജി ജഴ്സിയിൽ ഇതുവരെ കളിച്ചത് 31 മത്സരങ്ങളാണ്. ഫ്രഞ്ച് ടീമിനൊപ്പമുള്ള കരാർ ഈ വർഷം അവസാനിച്ചെങ്കിലും ടീമിനൊപ്പം തുടരാൻ മാനേജ്മെന്റ് അനുവദിക്കുകയായിരുന്നു. കാമറൂണിനായി ഇതുവരെ 55 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയിട്ടുണ്ട് ഈ മുന്നേറ്റതാരം.
Content Highlights: Neymar gives his man of the match award to PSG hero
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..