ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് തുടക്കം. സീസണിലെ ആദ്യ വിജയം ലക്ഷ്യം വെച്ച് കളിക്കാനിറങ്ങിയ ന്യൂകാസില്‍ യുണൈറ്റഡും ലീഡ്‌സ് യുണൈറ്റഡും സമനിലയില്‍ പിരിഞ്ഞു. 

ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ന്യൂകാസിലിന്റെ ഹോംഗ്രൗണ്ടില്‍ അമ്പതിനായിരത്തിലധികം കാണികള്‍ക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ 13-ാം മിനിട്ടില്‍ ലീഡ്‌സ് യുണൈറ്റഡാണ് ആദ്യം ലീഡെടുത്തത്. ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ റാഫീന്യ ടീമിനായി സ്‌കോര്‍ ചെയ്തു. 

എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിട്ട് ബാക്കിനില്‍ക്കേ സൂപ്പര്‍താരം അലന്‍ സെന്റ് മാക്‌സിമിന്‍ ന്യൂകാസിലിനായി സമനില ഗോള്‍ നേടി. ന്യൂകാസിലും ലീഡ്‌സും ഇതുവരെ അഞ്ചുമത്സരങ്ങള്‍ പ്രീമിയര്‍ ലീഗില്‍ പൂര്‍ത്തിയാക്കി. പക്ഷേ ഇതുവരെ ഒരു വിജയം പോലും ഈ സീസണില്‍ നേടാന്‍ ടീമുകള്‍ക്ക് സാധിച്ചിട്ടില്ല. 

നിലവില്‍ പോയന്റ് പട്ടികയില്‍ മൂന്ന് സമനിലയും രണ്ട് തോല്‍വിയുമുള്ള ലീഡ്‌സ് 16-ാം സ്ഥാനത്തും രണ്ട് സമനിലയും മൂന്ന് തോല്‍വിയുമുള്ള ന്യൂകാസില്‍ 18-ാം സ്ഥാനത്തുമാണ്. 

ഇന്ന് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍, ലിവര്‍പൂള്‍, ആസ്റ്റണ്‍ വില്ല, എവര്‍ട്ടണ്‍, തുടങ്ങിയ ടീമുകള്‍ക്ക് മത്സരമുണ്ട്. നിലവില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. ചെല്‍സി രണ്ടാം സ്ഥാനത്തും ലിവര്‍പൂള്‍ മൂന്നാമതും നില്‍ക്കുന്നു. 

Content Highlights: Newcastle United and Leeds United still to win in the English Premier League after draw