Photo: twitter.com/Arsenal
ലണ്ടന്‍: ലോകത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് ഇന്ന് തുടക്കം. രാത്രി 12.30 ന് ആരംഭിക്കുന്ന ഉദ്ഘാടനമത്സരത്തില്‍ കരുത്തരായ ആഴ്സനല്‍ ക്രിസ്റ്റല്‍ പാലസിനെ നേരിടും. ക്രിസ്റ്റല്‍ പാലസിന്റെ തട്ടകത്തിലാണ് മത്സരം.
കഴിഞ്ഞ സീസണില്‍ ആഴ്സനല്‍ അഞ്ചാം സ്ഥാനത്തും ക്രിസ്റ്റല്‍ പാലസ് 12-ാം സ്ഥാനത്തുമാണ് മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഇത്തവണ മികച്ച കളിക്കാരുമായാണ് ആഴ്സനല്‍ കളിക്കാനെത്തുന്നത്. മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്ന് സ്വന്തമാക്കിയ ഗബ്രിയേല്‍ ജെസ്യൂസിന്റെ സാന്നിധ്യമാണ് ടീമിന്റെ പ്രധാന സവിശേഷത. സിറ്റിയുടെ തന്നെ ഒലക്സാണ്ടര്‍ സിയെന്ചെങ്കോയും ഗണ്ണേഴ്സിനൊപ്പമുണ്ട്. ഫാബിയോ വിയേര, മാറ്റര്‍ ടേണര്‍, മാര്‍ക്വിന്യോസ് എന്നിവരും ഈ സീസണില്‍ ടീമിലെത്തിയവരാണ്.
തന്ത്രശാലിയായ പരിശീലകന് അര്‍ടേറ്റയുടെ തന്ത്രങ്ങളാണ് ആഴ്സനലിന്റെ ശക്തികേന്ദ്രം. പുതിയ താരങ്ങള്‍ക്കൊപ്പം ഷാക്ക, മാര്‍ട്ടിനെല്ലി, ബുക്കായോ സാക്ക, ഒഡ്ഡേഗാര്ഡ്, ആരോണ്‍ റാംസ്ഡേല്‍ എന്നീ താരങ്ങളും ചേരുന്നതോടെ ആഴ്സനല്‍ ഏത് ടീമിനെയും വീഴ്ത്താന്‍ പോന്ന ശക്തിയായി മാറും.
ആഴ്സനലിനെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റല്‍ പാലസ് ദുര്‍ബലരാണ്. ഇതുവരെ ഇരുടീമുകളും 26 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 14-ലും ആഴ്സനലാണ് വിജയിച്ചത്. ആദ്യദിനം ഈ മത്സരം മാത്രമാണുള്ളത്. ശനിയാഴ്ച കരുത്തരായ ലിവര്‍പൂള്‍, ചെല്‍സി, ടോട്ടനം, എവര്ട്ടണ് തുടങ്ങിയ ടീമുകള്‍ കളിക്കും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയും ഏറ്റവുമധികം തവണ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ഞായറാഴ്ചയാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..