മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ വിദേശതാരങ്ങളുടെ എണ്ണം കുറച്ചു. അതേസമയം ഡെവലപ്‌മെന്റ് താരങ്ങളുടെ എണ്ണത്തില്‍ വര്‍ധന വരുത്തി. ഇതുള്‍പ്പെടെയുള്ള മാറ്റങ്ങളോടെ 2021-22 സീസണിലേക്കുള്ള പുതിയ ചട്ടങ്ങള്‍ സംഘാടകരായ ഫുട്ബോള്‍ സ്‌പോര്‍ട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് പുറത്തുവിട്ടു. 

വരുന്ന സീസണില്‍ ഒരു ടീമിന് പരമാവധി നാലു വിദേശതാരങ്ങളെയാണ് ഇലവനില്‍ കളിപ്പിക്കാന്‍ കഴിയുക. നിലവില്‍ അഞ്ച് താരങ്ങളെയായിരുന്നു. ഇതോടെ ഇന്ത്യന്‍ താരങ്ങളുടെ എണ്ണം ഇലവനില്‍ വര്‍ധിക്കും. നാല് വിദേശതാരങ്ങളില്‍ ഒരാള്‍ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനില്‍പ്പെട്ട രാജ്യത്തു നിന്നായിരിക്കണം. ആറ് വിദേശികളെ ടീമില്‍ ഉള്‍പ്പെടുത്താം.

മത്സരദിവസത്തെ സ്‌ക്വാഡില്‍ രണ്ട് ഡെവലപ്‌മെന്റ് താരങ്ങളെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. സൂപ്പര്‍ ലീഗ് യൂത്ത് സമ്പ്രാദായം വഴി വന്ന താരങ്ങളാണിത്. നാല് താരങ്ങളെവരെ ടീമില്‍ ഉള്‍പ്പെടുത്താം. സീസണില്‍ 35 കളിക്കാരെ ക്ലബ്ബുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ലീഗിലെ നിബന്ധനകള്‍ പാലിച്ച് മാര്‍ക്വിതാരത്തെ എടുക്കാന്‍ ക്ലബ്ബുകള്‍ക്ക് കഴിയും.

2014-ല്‍ ഐ.എസ്.എല്‍ തുടങ്ങുന്ന കാലത്ത് ആറ് വിദേശ താരങ്ങള്‍ക്ക് ആദ്യ ഇലവനില്‍ കളിക്കാമായിരുന്നു. പിന്നീട് 2017-18 സീസണിലാണ് അത് അഞ്ചാക്കി കുറച്ചത്.

Content Highlights: New ISL guidelines mandates clubs to field minimum 7 Indian players at one time