ലണ്ടന്‍:  യുവേഫ നാഷണ്‍സ് ലീഗില്‍ നെതര്‍ലന്‍ഡ്‌സിന്റെ അദ്ഭുത തിരിച്ചുവരവ്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജര്‍മനിയെ 2-2ന് സമനിലയില്‍ പിടിച്ച് നെതര്‍ലന്‍ഡ്‌സ് സെമിയിലെത്തി. 85 മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഡച്ചുകാര്‍ തിരിച്ചടിച്ചത്. 

ആദ്യ 20 മിനിറ്റില്‍ തന്നെ ജര്‍മനി രണ്ട് ഗോളടിച്ചു ലീഡെടുത്തിരുന്നു. ഒമ്പതാം മിനിറ്റില്‍ ടിമോ വെര്‍ണര്‍ ജമനിയെ മുന്നിലെത്തിച്ചു. 19-ാം മിനിറ്റില്‍ ക്രൂസിന്റെ പാസ്സില്‍ ലിറോയ് സാനെ ജര്‍മനിയുടെ രണ്ടാം ഗോളും നേടി. 

സെമിയിലെത്താന്‍ ഒരു സമനില മാത്രം മതിയായിരുന്ന നെതര്‍ലന്‍ഡ്‌സ് പുറത്താകുമെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാല്‍ സ്വപ്‌ന തുല്ല്യമായ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. 85-ാം മിനിറ്റില്‍ ക്വിന്‍സി പ്രോംസിലൂടെ അവര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. 90-ാം മിനിറ്റില്‍ സമനില ഗോളുമെത്തി. ഒന്നാന്തരമൊരു വോളിയിലൂടെ ലിവര്‍പൂള്‍ താരം വാന്‍ ഡൈകാണ് രണ്ടാം ഗോളടിച്ചത്. 

മറ്റൊരു മത്സരത്തില്‍ ബെല്‍ജിയത്തെ തോല്‍പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡും സെമിയില്‍ കടന്നു. 2-5 നാണ് കരുത്തരായ ബെല്‍ജിയത്തെ സ്വിസ് പട തകര്‍ത്തുവിട്ടത്. ലീഗ് എയിലെ ഗ്രൂപ്പ് രണ്ടില്‍ ബെല്‍ജിയത്തിനൊപ്പം ഒമ്പത് പോയന്റാണെങ്കിലും മികച്ച ഗോള്‍ശരാശരി സ്വിസ് ടീമിന് തുണയായി.

ഹാരിസ് സെഫര്‍നോവിച്ചിന്റെ ഹാട്രിക്കാണ് സ്വിസ് ടീമിന്റെ ഹൈലൈറ്റ്. 31, 44, 84 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. പെനാല്‍റ്റിയിൽ നിന്ന് റിക്കാര്‍ഡോ റോഡ്രിഗസും നിക്കോള എലെവെദിയും വിജയികള്‍ക്കായി സ്‌കോര്‍ ചെയ്തു. ബെല്‍ജിയത്തിനായി തോര്‍ഗന്‍ ഹസാര്‍ഡ് ഇരട്ടഗോള്‍ നേടി.

സമനില ലഭിച്ചാല്‍ പോലും സെമിയിലെത്താമെന്ന പ്രതീക്ഷയോടെ കളിതുടങ്ങിയ ബെല്‍ജിയത്തിനായി രണ്ടാം മിനിറ്റിലും 17-ാം മിനിറ്റിലും തോര്‍ഗന്‍ എതിര്‍വല കുലുക്കി. ഇതോടെ ജയമുറപ്പിച്ച ബെല്‍ജിയത്തിന് ആദ്യ തിരിച്ചടി പെനാല്‍റ്റി ഗോളിന്റെ രൂപത്തിലായിരുന്നു. 26-ാം മിനിറ്റില്‍ റിക്കാര്‍ഡോയാണ് പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചത്. തുടര്‍ന്നാണ് സെഫര്‍നോവിച്ച് തുടരെത്തുടരെ ഗോളുകള്‍ നേടിയത്. ലിവര്‍പൂള്‍ താരം ഷെര്‍ഡാന്‍ ഷാക്കീരിയുടെ പ്രകടനമാണ് സ്വിസ് ടീമിന്റെ പ്രകടനത്തില്‍ നിര്‍ണായകമായത്.

Content Highlights: Netherlands into Nations League finals after draw with Germany