ആംസ്റ്റര്‍ഡാം: ഡച്ച് ഫുട്‌ബോള്‍ താരം ആര്യന്‍ റോബന്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. വ്യാഴാഴ്ച ഒരു പ്രസ്താവനയിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. 

തന്റെ ആദ്യകാല ക്ലബ്ബായ ഗ്രോനിഗെനു വേണ്ടി കളിച്ചാണ് കളംവിടുന്നത്. 37-ാം വയസിലാണ് താരം ഫുട്‌ബോള്‍ മതിയാക്കുന്നത്. കഴിഞ്ഞ സീസണിലേറ്റ പരിക്കാണ് താരത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. 

2017-ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരുന്നു. 2010-ല്‍ ലോകകപ്പ് ഫൈനല്‍ കളിച്ച നെതര്‍ലന്‍ഡ്‌സ് ടീമില്‍ അംഗമായിരുന്നു.

പി.എസ്.വി ഐന്തോവന്‍, ചെല്‍സി, റയല്‍ മഡ്രിഡ്, ബയേണ്‍ മ്യൂണിക് ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്. ബയേണിനായി 309 മത്സരങ്ങളില്‍ 144 ഗോള്‍ നേടി. ക്ലബ്ബ് കരിയറില്‍ 31 കിരീടങ്ങളുണ്ട്.

പ്രൊഫഷണല്‍ കരിയറില്‍ വിവിധ ടീമുകള്‍ക്കായി 12 ലീഗ് കിരീടങ്ങളടക്കം 31 കിരീട നേട്ടങ്ങളുണ്ട്. നെതര്‍ലന്‍ഡ്‌സ് ദേശീയ ടീമിനായി 96 മത്സരങ്ങളും കളിച്ചു. 

2000-ല്‍ 16-ാം വയസിലാണ് റോബന്‍ ഗ്രോനിഗെനായി അരങ്ങേറുന്നത്.

Content Highlights: Netherlands great Arjen Robben announces retirement