എഡിന്‍ബര്‍ഗ്: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശപ്പെടുത്തി ആരോണ്‍ ഹ്യൂസ്. ഐ.എസ്.എല്‍ അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം കാക്കാന്‍ മാര്‍ക്വി താരം രോണ്‍ ഹ്യൂസ് ഉണ്ടാകില്ല. വടക്കന്‍ അയര്‍ലന്‍ഡ് ടീമംഗമായ ഹ്യൂസ് സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലെ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ ഹാര്‍ട്ട് ഓഫ് മിഡ്‌ലൊത്തിയാനുമായി ഒരു വര്‍ഷത്തേക്ക് കരാറൊപ്പിട്ടതോടെയാണ് താരം ബ്ലാസ്‌റ്റേഴ്‌സിന്റെ ്അടുത്ത സീസണിലുണ്ടാകില്ലെന്ന് ഉറപ്പായത്.

ഈ വര്‍ഷം ഓഗസ്റ്റ് അഞ്ചു മുതല്‍ അടുത്ത വര്‍ഷം മെയ് 13 വരെയാണ് സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗ് നടക്കുന്നത്. ജനുവരിയിലെ ട്രാന്‍സ്ഫറില്‍ സ്‌കോട്ടിഷ് ലീഗില്‍ കളിച്ച ഹ്യൂസ് എട്ടു മത്സരങ്ങളില്‍ ഹാര്‍ട്ട് ഓഫ് മിഡ്‌ലൊത്തിയാനായി കളിച്ചു. ഇതോടെ താരവുമായി അടുത്ത സീസണില്‍ കൂടി കരാര്‍ നീട്ടാന്‍ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു.

സ്‌കോട്ട്‌ലന്‍ഡ് ഫുട്ഹബോള്‍ ചരിത്രത്തില്‍ 143 വര്‍ഷത്തെ പാരമ്പര്യമുള്ള ക്ലബ്ബാണ് ഹാര്‍ട്ട് ഓഫ് മിഡ്‌ലൊത്തിയന്‍. കഴിഞ്ഞ സീസണില്‍ സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തായിരുന്നു ഇവര്‍.

ഐ.എസ്.എല്‍ കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയതില്‍ ആരോണ്‍ ഹ്യൂസിന്റെ പങ്ക് നിര്‍ണായകമായിരുന്നു. പ്രതിരോധ നിര താരമായ ഹ്യൂസിന്റെ മികവായിരുന്നു പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചത്. സീസണില്‍ മുപ്പത്തിയേഴുകാരന്‍ ഒരു ഗോള്‍ നേടുകയും ചെയ്തു.