ഗ്ലാസ്‌ഗോ:യുവേഫ നേഷന്‍സ് ലീഗില്‍ ആദ്യ ജയവുമായി ഇറ്റലി. ഇഞ്ചുറി ടൈമിലെ ഗോളില്‍ ഇറ്റലി പോളണ്ടിനെ പരാജയപ്പെടുത്തുകയായിപുന്നു. ഫിയോറെന്റീനയുടെ പ്രതിരോധ താരം ക്രിസ്റ്റിയാനോ ബിരാഗി ഇറ്റലിക്കായി ലക്ഷ്യം കണ്ടു. 

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇറ്റലിക്ക് ഗോളിനുള്ള അവസരങ്ങള്‍ ലഭിച്ചു. രണ്ടുതവണ പന്ത് ബാറില്‍ തട്ടിപ്പോയി. അതേസമയം തോല്‍വിയോടെ പോളണ്ട് യുവേഫ നേഷന്‍സ് ലീഗില്‍ തരംതാഴ്ത്തപ്പെടുന്ന ആദ്യ ടീമായി. ഇനി പോളണ്ട് യൂറോപ്പിലെ രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ കളിക്കേണ്ടിവരും.

അതേസമയം സ്‌കോട്‌ലന്‍ഡിനെതിരായ സൗഹൃദമത്സരത്തില്‍ പോര്‍ച്ചുഗല്‍ വിജയം കണ്ടു. ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ വിജയം.  ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ലാതെ കളത്തിലിറങ്ങിയ പോര്‍ച്ചുഗല്‍ ആദ്യ പകുതിക്ക് മുമ്പുതന്നെ ലീഡെടുത്തു. റോഡ്രിഗസിന്റെ പാസില്‍ ഹെല്‍ഡര്‍ കോസ്റ്റയാണ് ലക്ഷ്യം കണ്ടത്.

രണ്ടാം പകുതിയില്‍ എഡറിലൂടെ പോര്‍ച്ചുഗല്‍ ലീഡ് രണ്ടാക്കി. പകരക്കാരനായി ഇറങ്ങിയ റെനാറ്റോ സാഞ്ചസിന്റെ പാസില്‍ നിന്ന് എഡര്‍ ലക്ഷ്യം കാണുകയായിരുന്നു. ഫെര്‍ണാഡസിന്റെ പാസില്‍ നിന്ന് ബ്രൂമ പോര്‍ച്ചുഗലിന്റെ മൂന്നാം ഗോളും നേടി. 

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ നൈസ്മിത്തിലൂടെ സ്‌കോട്‌ലന്‍ഡ് ആശ്വാസ ഗോള്‍ കണ്ടെത്തി. മാകെ സ്റ്റീവന്റെ പാസ്സില്‍ നിന്ന് നൈസ്മിത്ത് ലക്ഷ്യം കാണുകയായിരുന്നു. 

Content Highlights: Nations League Late goal steals win for Italy