കോഴിക്കോട്: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങിയ കേരളത്തിന് ദേശീയ വനിതാ ഫുട്ബോളില്‍ തോല്‍വിയോടെ തുടക്കം. ആവേശകരമായ കളിയില്‍ മിസോറം രണ്ടിനെതിരേ മൂന്നു ഗോളിന് ആതിഥേയരെ വീഴ്ത്തി. തോല്‍വി ക്വാര്‍ട്ടറിലേക്ക് മുന്നേറാനുള്ള കേരളത്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. മിസോറമിനായി ഗ്രേസ് ലാല്‍റാം പെരി (പെനാല്‍ട്ടി 39), എലിസബത്ത് വാന്‍ലാല്‍മാവി (79), ലാലുംസിയാമി(90+3) എന്നിവര്‍ ഗോള്‍ നേടി. കേരളത്തിനായി അതുല്യ (44), ഫെമിനാ രാജ് (45) എന്നിവര്‍ ലക്ഷ്യം കണ്ടു.

പെനാള്‍ട്ടി കിക്കിലൂടെ മിസോറമാണ് ലീഡെടുത്തത്. ലാല്‍നുന്‍ സുനായിയെ കേരളം ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാള്‍ട്ടി കിക്ക് ഗ്രേസ് ലാല്‍റാംപെരി മിസോറമിന് ലീഡ് നല്‍കി. നേരത്തേ 18-ാം മിനിറ്റില്‍ കിട്ടിയ പെനാള്‍ട്ടി മിസോറമിന്റെ എലിസബത്ത് വാന്‍ലാല്‍മാവി തുലച്ചിരുന്നു.

പ്രതിരോധനിര താരം അതുല്യയിലൂടെ കേരളം സമനിലപിടിച്ചു. അതുല്യയുടെ ലോങ്ങ്റേഞ്ച് മിസോറം വലയില്‍ കയറി. തൊട്ടടുത്ത മിനിറ്റില്‍ ഫെമിനാരാജും കേരളത്തിനായി ഗോള്‍ കണ്ടെത്തി. പെനാള്‍ട്ടി ബോക്‌സിന് പുറത്തുനിന്നും ഫെമിനയുതിര്‍ത്ത ഷോട്ടാണ് ഗോളില്‍ കലാശിച്ചത്. ഇടവേളയ്ക്കുശേഷം എലിസബത്ത് വാന്‍ലാല്‍മാവിയും ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനിറ്റില്‍ ലാലുംസിയാമിയും സ്‌കോര്‍ ചെയ്തതോടെ മിസോറം ജയമുറപ്പിച്ചു.

ഗ്രൂപ്പ് ജി യിലെ ആദ്യകളിയില്‍ മധ്യപ്രദേശ് ഉത്തരാഖണ്ഡിനെ കീഴടക്കി (4-1). ചൊവ്വാഴ്ച ഉത്തരാഖണ്ഡുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.

രാവിലെ നടന്ന മത്സരങ്ങളില്‍ ഒഡീഷയും മണിപ്പൂരും വിജയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒഡീഷ ആന്ധ്രാ പ്രദേശിനെ എതിരില്ലാത്ത ഒമ്പതു ഗോളുകള്‍ക്ക് തകര്‍ത്തു. ജബമണി, സുബദ്ര എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ജസോദ മുണ്ട, കരിശ്മ, ദീപ, സത്യബതി, സോണി എന്നിവരും ലക്ഷ്യം കണ്ടു.

കണ്ണൂര്‍ കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മണിപ്പൂര്‍ എതിരില്ലാത്ത നാല് ഗോളിന് മേഘാലയയെ തകര്‍ത്തു. റോജ ദേവി, മന്ദാകിനി, കിരണ്‍ബാല, ബേബിസന എന്നിവരാണ് മണിപ്പൂരിന്റെ ഗോളുകള്‍ കണ്ടെത്തിയത്. 

Content Highlights: National Women Football Championship