ത്രയും നാടകീയമായ ട്രാന്‍സ്ഫര്‍ വിപണി ഫുട്ബോളില്‍ സമീപകാലത്തുണ്ടായിട്ടില്ല. 2021-ലെ വേനല്‍ക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുമ്പോള്‍ ഫുട്ബോളിലെ വമ്പന്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പുതിയ ക്ലബ്ബിലെത്തി.

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും കൂടുമാറ്റം ഫുട്ബോള്‍ലോകത്തെ അമ്പരപ്പിച്ചു. ബാഴ്സലോണയില്‍ തുടരാന്‍ ശമ്പളം 50 ശതമാനംവരെ കുറയ്ക്കാന്‍ മെസ്സി തയ്യാറായെങ്കിലും ക്ലബ്ബിന്റെ സാമ്പത്തികബാധ്യത തിരിച്ചടിയായി. അവസരം കാത്തുനിന്ന ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. മെസ്സിയെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കി.

റയല്‍ മഡ്രിഡ് നായകനായിരുന്ന സെര്‍ജി റാമോസിനെയും പി.എസ്.ജി. ഫ്രീ ട്രാന്‍സ്ഫറില്‍ ടീമിലെത്തിച്ചു. ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റം കൂടുതല്‍ നാടകീയമായിരുന്നു. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്ക് മാറുമെന്ന് ഏറക്കുറെ ഉറപ്പായപ്പോഴാണ് മുന്‍ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് അരയും തലയും മുറുക്കി രംഗത്തുവന്നത്. ഇതോടെ സിറ്റി പിന്മാറി. മണിക്കൂറുകള്‍ക്കുള്ളില്‍ യുണൈറ്റഡ് ക്രിസ്റ്റ്യാനോയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചു. 128 കോടി രൂപയാണ് ട്രാന്‍സ്ഫര്‍ ഫീയായി യുണൈറ്റഡ് യുവന്റസിന് നല്‍കിയത്.

ട്രാന്‍സ്ഫര്‍ വിപണി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബാഴ്സലോണ അന്റോയിന്‍ ഗ്രീസ്മാനെ വായ്പയടിസ്ഥാനത്തില്‍ മുന്‍ ക്ലബ്ബ് അത്ലറ്റിക്കോ മഡ്രിഡിന് നല്‍കിയത്. രണ്ടുവര്‍ഷംമുമ്പ് ഏതാണ്ട് ആയിരം കോടിക്ക് മുകളില്‍ നല്‍കിയാണ് ഗ്രീസ്മാനെ ബാഴ്സ സ്വന്തമാക്കിയത്.ഫ്രഞ്ച് യുവ സ്ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ റയല്‍ മഡ്രിഡ് പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. അവസാനദിവസം 1900 കോടി രൂപ വാഗ്ദാനം ചെയ്തിട്ടും എംബാപ്പെയുടെ ക്ലബ്ബായ പി.എസ്.ജി. കുലുങ്ങിയില്ല.

ഇത്തവണ ഏറ്റവും കൂടുതല്‍ കാശ് താരങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗാണ്. 11000 കോടി രൂപയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഇത്തവണ ചെലവാക്കിയത്. ഈ സീസണിലെ ഏറ്റവും വിലയേറിയ താരം ആസ്റ്റണ്‍ വില്ലയില്‍ നിന്നും മാഞ്ചെസ്റ്റര്‍ സിറ്റി സ്വന്തമാക്കിയ ജാക്ക് ഗ്രീലിഷാണ്. 1005 കോടി രൂപ മുടക്കിയാണ് താരത്തെ സിറ്റി ടീമിലെടുത്തത്. 

Content Highlights: Most expensive transfer window 2021-22 in club football