ന്യൂഡല്‍ഹി: ഇതുവരെ നല്‍കിയ അളവില്ലാത്ത സ്‌നേഹത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നന്ദിയറിയിച്ച് മുന്‍ നായകനും പ്രതിരോധനിരതാരവുമായ സന്ദേശ് ജിംഗാന്‍.

താരവും ക്ലബ്ബും പരസ്പര ധാരണയോടെ വഴിപിരിയുന്നതായുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ആരാധകര്‍ക്ക് നന്ദിയറിയിച്ച് ജിംഗാന്‍ ട്വീറ്റ് ചെയ്തത്.

ഇതുവരെയുള്ള ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും പ്രയാസമേറിയ നിമിഷമാണിതെന്നായിരുന്നു താരത്തിന്റെ വാക്കുകള്‍. 'ഒന്നിച്ച് നമ്മള്‍ ഒരുപാട് ഓര്‍മകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതെല്ലാം ഇനിയുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ ഓര്‍ക്കും. ഒരു വ്യക്തിയെന്ന നിലയിലും ഫുട്‌ബോളറെന്ന നിലയിലും എന്റെ വളര്‍ച്ചയ്ക്ക് സഹായകമായത് നിങ്ങളാണ്. നിങ്ങളെല്ലാം എന്നും എന്റെ കുടുംബമായിരിക്കും. കേരള ബ്ലാസ്‌റ്റേഴ്‌സിനും കേരളത്തിലെ ജനങ്ങള്‍ക്കും എല്ലാ ഭാവുകങ്ങളും. നിങ്ങളുടെ ടീമിനോടുള്ള പിന്തുണ തുടരുക', ജിംഗാന്‍ കുറിച്ചു.

most difficult moment of my career Jingan with a farewell message to kerala blasters fans

സന്ദേശ് ജിംഗാന്‍ ക്ലബ്ബ് വിടുന്ന കാര്യം കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ ക്ലബ്ബ് തന്നെയാണ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ജിംഗാനോടുള്ള ആദരസൂചകമായി ക്ലബ്ബ് അദ്ദേഹം അണിഞ്ഞിരുന്ന 21-ാം നമ്പര്‍ ജേഴ്സി പിന്‍വലിക്കുന്നതായും പ്രഖ്യാപിച്ചു.

ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ക്ലബ്ബ് വിട്ടുപോകുമ്പോള്‍ ജേഴ്സി പിന്‍വലിക്കുന്നത്. ജിംഗാന്റെ സംഭാവനകള്‍ എടുത്തുപറഞ്ഞ് ക്ലബ്ബ് ഉടമ നിഖില്‍ ഭരദ്വാജാണ് ജേഴ്സി വിരമിച്ചതായി പ്രഖ്യാപിച്ചത്.

2014-ലെ ഐ.എസ്.എല്‍ ആദ്യ സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള ജിംഗാന്‍ ആറു സീസണുകള്‍ക്ക് ശേഷമാണ് വിടപറയുന്നത്. 76 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടുകെട്ടി.

Content Highlights: most difficult moment of my career Jingan with a farewell message to kerala blasters fans